കായികം

രോഹിത് ഇറങ്ങിയത്‌ വ്യക്തമായ തന്ത്രങ്ങളുമായി; പേസര്‍മാര്‍ക്കെതിരെ ബാക്ക്ഫൂട്ടില്‍, സ്പിന്നര്‍മാര്‍ക്കെതിരെ ക്രീസിന് പുറത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

പേസര്‍മാര്‍ക്കെതിരെ ഫ്രണ്ട് ഫൂട്ടില്‍, സ്പിന്നര്‍മാരെ ഇറക്കി സൗത്ത് ആഫ്രിക്ക ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ക്രീസില്‍ നിന്ന് മുന്‍പിലേക്കിറങ്ങി ഫ്രണ്ട് ഫൂട്ടില്‍...ടെസ്റ്റിലെ ഓപ്പണറുടെ റോളും തനിക്ക് ഭംഗിയായി ഇണങ്ങുമെന്ന് തെളിയിക്കാന്‍ വ്യക്തമായ പദ്ധതികളും പിഴയ്ക്കാത്ത ചുവടുകളുമായാണ് രോഹിത് വിശാഖപട്ടണത്തേക്ക് എത്തിയത്. 

പൊതുവെ ബാക്ക്ഫൂട്ടില്‍ കളിക്കുന്ന താരമാണ് രോഹിത്. ടെസ്റ്റിലേക്ക് രോഹിത്തിനെ ഉള്‍പ്പെടുത്താന്‍ കാരണമായി ഒരിക്കല്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ചൂണ്ടിക്കാട്ടിയതും ബാക്ക്ഫൂട്ടിലെ രോഹിത്തിന്റെ ശക്തി തന്നെ. വിശാഖപട്ടണത്ത് ആദ്യ ഓവറുകളില്‍ ലഭിച്ച ബൗണ്‍സില്‍ ബാക്ക്ഫൂട്ടില്‍ കളിച്ച് സ്‌കോര്‍ കണ്ടെത്താന്‍ രോഹിത്തിനായി. എന്നാല്‍ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപില്‍ കണ്ണുവെച്ചാണ് റബാഡയും ഫിലാന്‍ഡറും രോഹിത്തിനെ കുഴക്കാന്‍ കളിയുടെ തുടക്കത്തില്‍ നിരന്തരം ശ്രമിച്ചത്. 

സ്പിന്നര്‍മാരിലേക്ക് എത്തിയപ്പോള്‍ ക്രീസില്‍ നിന്ന് ഇറങ്ങി കളിച്ച് ഷോട്ടുകള്‍ ഉതിര്‍ക്കുന്ന തന്റെ ശൈലി തന്നെയാണ് രോഹിത് ഇവിടേയും പരീക്ഷിച്ചത്. സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ ഇത് രോഹിത്തിനെ സഹായിച്ചു. സ്പിന്നര്‍മാര്‍ക്കെതിരെ അടിച്ച ബൗണ്ടറികളെല്ലാം ആത്മവിശ്വാസം വ്യക്തം. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അര്‍ധ ശതകത്തോടെ ടെസ്റ്റിലെ തന്റെ ബാറ്റിങ് ശരാശരി രോഹിത് 90ന് മുകളിലേക്കും എത്തിച്ചു. ഇന്ത്യന്‍ മണ്ണില്‍ 10 ഇന്നിങ്‌സ് എങ്കിലും കളിച്ച താരങ്ങളില്‍ 91.22 എന്ന ബാറ്റിങ് ശരാശരി ഇപ്പോള്‍ അവകാശപ്പെടാനാവുന്നത് രോഹിത്തിന് മാത്രം. 821 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. 50 റണ്‍സിന് അപ്പുറം സ്‌കോര്‍ കടത്തിയത് 9 വട്ടം. 

1997 മുതല്‍ 1998 വരെയുള്ള കാലയളവില്‍ രാഹുല്‍ ദ്രാവിഡ് തുടരെ 6 അര്‍ധശതകം ഇന്ത്യന്‍ മണ്ണില്‍ കണ്ടെത്തിയിരുന്നു. ആ നേട്ടത്തിലേക്കാണ് രോഹിത്തും ഇപ്പോള്‍ എത്തിയത്. ടെസ്റ്റിലെ രോഹിത്തിന്റെ 11ാം അര്‍ധശതകമാണ് വിശാഖപട്ടണത്ത് കണ്ടത്. റബാഡയെ ബൗണ്ടറി കണ്ടെത്തിയാണ് ടെസ്റ്റ് ഓപ്പണറുടെ റോളിലെ ആദ്യ റണ്‍സ് രോഹിത് കണ്ടെത്തിയത്. പിന്നാലെ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മേല്‍ മായങ്കിനൊപ്പം നിന്ന് രോഹിത് ആധിപത്യം പുലര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്