കായികം

ഓപണര്‍മാരുടെ കരുത്തില്‍ ഇന്ത്യന്‍ കുതിപ്പ്; സ്‌കോര്‍ 500 കടത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപണര്‍മാരായ മായങ്ക് അഗര്‍വാള്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയും (215), രോഹിത് ശര്‍മ നേടിയ ശതകവും (176) കരുത്താക്കിയാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 

മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്ണുമായി എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ മാര്‍ക്രമുമാണ് ക്രീസില്‍.

കരിയറിലെ കന്നി സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ചാണ് മായങ്ക് തന്റെ മികവ് തെളിയിച്ചത്. ടെസ്റ്റ് ഓപണറായി ആദ്യമായി ഇറങ്ങിയ രോഹിതും ശതകം കുറിച്ച് തന്റെ പുതിയ റോള്‍ അവിസ്മരണീയമാക്കി. 

358 പന്തില്‍ അഞ്ച് സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചത്. മൊത്തം 371 പന്തുകള്‍ നേരിട്ട് 215 റണ്‍സെടുത്ത് താരം പുറത്തായി. 23 ഫോറുകളും ആറ് സിക്‌സും ഇതില്‍ ഉള്‍പ്പെടുന്നു. ഡീന്‍ എല്‍ഗാറാണ് മായങ്കിനെ മടക്കിയത്.

രണ്ടാം ദിവസത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 244 പന്തില്‍ ആറ് സിക്‌സും 23 ബൗണ്ടറികളുമടക്കം 176 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടെസ്റ്റില്‍ ഓപണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ രോഹിതിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ ഡി കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 

ചേതേശ്വര്‍ പൂജാര (ആറ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), അജിന്‍ക്യ രഹാനെ (15) എന്നിവര്‍ക്ക് അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ബാറ്റിങിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 16 പന്തില്‍ 21 റണ്‍സുമായി താരം മടങ്ങി. ഹനുമ വിഹാരി പത്ത് റണ്‍സുമായി പുറത്തായി. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 30 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി ആര്‍ അശ്വിനുമായിരുന്നു പുറത്താകാതെ ക്രീസില്‍. 

ഓപണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫിലാന്‍ഡര്‍, മുത്തുസാമി, എല്‍ഗാര്‍, പിഡെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍