കായികം

'ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിപ്പിച്ചത് ഞാന്‍', അവകാശവാദവുമായി പാക് പേസര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിപ്പിച്ചത് താനെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍. പാകിസ്ഥാന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇര്‍ഫാന്റെ വാദം.

2012ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി പരമ്പരയില്‍ നാല് വട്ടം ഗംഭീറിനെ താന്‍ പുറത്താക്കിയതാണ് ഗംഭീറിന്റെ ഏകദിന കരിയര്‍ അവസാനിക്കാന്‍ കാരണമെന്ന് ഇര്‍ഫാന്‍ പറയുന്നു. തന്റെ ഡെലിവറികള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തില്‍ ഒരാളാണ് ഗംഭീറെന്നും താരം പറയുന്നു.

ആ പരമ്പരയില്‍ എന്നെ നേരിടുക എന്നത് പല ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വെല്ലുവിളിയായിരുന്നു. എന്റെ ഡെലിവറികള്‍ കണക്കുകൂട്ടല്‍ ഗംഭീറും ബുദ്ധിമുട്ടി. തന്റെ പൊക്കമാണ് ഇതിലെ പ്രധാന ഘടകമെന്നും താരം പറയുന്നു. ഏഴടി ഒരിഞ്ചാണ് ഇര്‍ഫാന്റെ ഉയരം.

2012ലെ പാകിസ്ഥാനെതിരായ പരമ്പരയിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി20 കളിക്കുന്നത്. 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തോടെ ഗംഭീറിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി. എന്റെ പേസ് കണക്കു കൂട്ടാനും, പന്ത് ശരിയായി കാണാനും എന്റെ ഉയരം കാരണം സാധിച്ചിരുന്നില്ലെന്ന് 2012ല്‍ തന്നെ പല ഇന്ത്യന്‍ താരങ്ങളും തന്നോട് പറഞ്ഞതായി ഇര്‍ഫാന്‍ പറയുന്നു.

എനിക്ക് നേരെ വരാന്‍ ഗംഭീര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കളിക്കളത്തിലായാലും, രണ്ട് ടീമുകളും നെറ്റ്‌സില്‍ എത്തുമ്പോഴായാലും. എന്റെ മുഖത്തിന് നേരെ വരുന്നത് ഗംഭീര്‍ മനഃപൂര്‍വം ഒഴിവാക്കുകയാണെന്ന് എനിക്ക് മനസിലായി. എനിക്ക് മുന്‍പില്‍ ദുര്‍ബലനാണ് ഗംഭീര്‍ എന്നും ഇര്‍ഫാന്‍ പറഞ്ഞു.

ഗംഭീറിന്റെ കരിയര്‍ അവസാനിപ്പിച്ചതിന് എന്നെ നിരവധി പേര്‍ അഭിനന്ദിച്ചു. കോഹ് ലി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ 130-135 റേഞ്ചില്‍ പന്ത് എറിയുമെന്നാണ് വിചാരിച്ചിരുന്നത് എന്നും, എന്നാല്‍ ആ സമയം 145 എന്ന വേഗതയിലാണ് തന്റെ ഡെലവറി എത്തിയതെന്നും. ആ സമയം യുവി മറുവശത്ത് നിന്ന് കോഹ് ലിയോട് പറഞ്ഞു. പുള്‍ ചെയ്യാതെ കട്ട് ചെയ്യാന്‍ ശ്രമിക്കാന്‍. എന്നാല്‍ എന്റെ മൂന്നാം ഡെലിവറിയില്‍ കോഹ് ലി പുള്‍ ചെയ്തു, വിക്കറ്റ് വലിച്ചെറിഞ്ഞുവെന്നും ഇര്‍ഫാന്‍ പറഞ്ഞു.

2010ലാണ് ഇര്‍ഫാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നത്. ഉയരത്തിന്റെ ബലത്തിലെ പേസും, ബൗണ്‍സും കൊണ്ട് എതിരാളികള്‍ക്ക് പേടിസ്വപ്‌നമാവാന്‍ ഇര്‍ഫാന് സാധിച്ചിരുന്നു. എന്നാലിപ്പോള്‍ പാകിസ്ഥാന്‍ ടീമില്‍ ഇര്‍ഫാന്‍ ഭാഗമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ