കായികം

സഞ്ജു വരുമോ, അതോ പന്ത് തുടരുമോ? ഇന്ത്യന്‍ ടീമിനെ നാളെ തിരഞ്ഞെടുക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സൗരവ് ഗാംഗുലി അധ്യക്ഷനായ ബിസിസിഐയുടെ പുതിയ ഭരണ സമിതി ചുമതലയേറ്റ ശേഷമുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്. 

ടീമിനെ പ്രഖ്യാപിക്കാനിരിക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഉറ്റു നോക്കുന്നത് സമീപ കാലത്ത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി കുറിച്ച പ്രകടനത്തോടെ സഞ്ജു ദേശീയ തലത്തില്‍ ശ്രദ്ധേയ താരമായി വീണ്ടും മാറിയ സമയമാണിത്. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ജുവിന് അവസരം നല്‍കണമെന്ന പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം നവംബര്‍ 11ന് ആരംഭിക്കും. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. അവസരങ്ങള്‍ ഒരുപാട് ലഭിച്ചിട്ടും അതൊന്നും മുതലാക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന ഋഷഭ് പന്ത് ഇനിയും ടീമിലുണ്ടാകുമോ എന്നാണ് എല്ലാവരും നോക്കുന്നത്. പന്തിനു പകരം സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 ലോകകപ്പിനു മുന്നോടിയായി മികവു തെളിയിക്കാന്‍ പന്തിന് സെലക്ടര്‍മാര്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ കാത്തിരിപ്പ് നീളാനാണ് സാധ്യത.

ഏകദിന ലോകകപ്പിനുശേഷം തുടര്‍ച്ചയായി കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയാകും ടീമിനെ നയിക്കുക. ടെസ്റ്റ് മത്സരങ്ങള്‍ക്കായി കോഹ്‌ലി ടീമില്‍ തിരിച്ചെത്തും. പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സെലക്ടര്‍മാര്‍ക്കു മുന്നിലുണ്ട്. 

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വൃദ്ധിമാന്‍ സാഹ തന്നെ മുഖ്യ വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിനിടെ സാഹ പരുക്കേറ്റ് തിരികെ കയറിയിരുന്നെങ്കിലും പിറ്റേന്ന് വീണ്ടും കളത്തിലിറങ്ങിയിരുന്നു. ശസ്ത്രിക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയെ പരിഗണിച്ചേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി