കായികം

ബഹിഷ്കരണ ഭീഷണി കൊള്ളേണ്ടിടത്ത് കൊണ്ടു; ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിൻമാറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ വിവോ പിൻമാറി. ഈ സീസണിൽ മാത്രം താത്കാലികമായി വിട്ടു നിൽക്കാനാണ് കമ്പനിയുടെ തീരുമാനം. 

അതിർത്തിയിലെ ഇന്ത്യ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോർൺസർഷിപ്പിൽ നിന്ന് പിൻമാറുകയാണെന്ന് വിവോ അറിയിച്ചു. വിവോ പിൻമാറിയതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റിൽ സ്പോൺസറെ ബിസിസിഐ കണ്ടെത്തേണ്ടി വരും.

​ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ പട്ടാളക്കാർ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ചതിന്റെ പിന്നാലെ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. വ്യാപകമായി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണങ്ങളും ശക്തമായിരുന്നു. 

എന്നാൽ ഞായറാഴ്ച ചേർന്ന ഐപിഎൽ ഭരണസമിതി യോഗം ടൈറ്റിൽ സ്പോൺസർ സ്ഥാനത്തു നിന്ന് വിവോയെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആരാധകരുടെ ഭാഗത്തു നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നു. ഐപിഎൽ ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സ്വയം മാറി നിൽക്കാൻ വിവോ തയാറായത്.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള കമ്പനികളായ പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നിവയുമായി ഐപിഎല്ലിന് സ്പോൺസർഷിപ്പ് കരാറുകളുണ്ട്. ഇതിനുപുറമെ പല ടീമുകൾക്കും ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ് കരാറുകളുണ്ട്. ഇവയുടെ കാര്യത്തിൽ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തതയില്ല.

2022വരേക്ക് ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാറുണ്ട്. ഈ വർഷം മാറി നിൽക്കുന്ന പശ്ചാത്തലത്തിൽ വിവോയുമായുള്ള കരാർ 2023വരെ ദീർഘിപ്പിക്കും. 2199 കോടി രൂപക്കാണ് അഞ്ച് വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിപ്പ് കരാർ വിവോ 2017ൽ സ്വന്തമാക്കിയത്. കരാർ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവർഷം 440 കോടി രൂപയാണ് നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി