മെല്‍ബണ്‍: ഏഴ് വട്ടം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട സെറീന വില്യംസിനെ തകര്‍ത്ത് ചൈനയുടെ വാങ് ക്വിയാങ്. 6-4, 7-6, 7-5 എന്ന സ്കോറിനാണ് 24ാം ഗ്രാന്‍ഡ്സ്ലാം എന്ന സെറീനയുടെ സ്വപ്നം മൂന്നാം റൗണ്ടില്‍ 27ാം സീഡായ വാങ് തകര്‍ത്തത്.
മൂന്ന് സെറ്റ് നീണ്ട ത്രില്ലറിന് ഒടുവിലാണ് സെറീന തോല്‍വി സമ്മതിച്ചത്. 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചതിന് ശേഷം ഗ്രാന്ഡ്സ്ലാമുകളിലേക്ക് ജയമെത്തിക്കാന് സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല. 2018ലും 19ലും വിംബിള്‍ഡണിലും, യുഎസ് ഓപ്പണിലും ഫൈനലില്‍ എത്തിയിട്ടും കിരീടം അകന്നു നിന്നു.
2006ന് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ ആഴ്ചയില്‍ തന്നെ സെറീനയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നത് ആദ്യമാണ്. ബ്രേക്ക് പോയിന്റുകള്‍ നേടുന്നതില്‍ വാങ് മികവ് കാണിച്ചപ്പോള്‍ ബാക്ക് ഹാന്‍ഡ് ഷോട്ടുകളില്‍ സെറിനയ്ക്ക് തുടരെ പിഴച്ചുകൊണ്ടിരുന്നു.
രണ്ടാം സെറ്റില്‍ 4-2ന് പിന്നിട്ട് നിന്നിടത്ത് നിന്ന് തിരിച്ചു വന്നാണ് സെറീന സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം സ്റ്റാന്‍ഡിലുണ്ടായിരുന്ന കോച്ചിനും ഭര്‍ത്താവിനും നേര്‍ക്ക് നോക്കി സെറീന ആഘോഷിച്ചെങ്കിലും കളി സെറീനയുടെ കൈകളില്‍ നിന്ന് വാങ് തട്ടിയെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ