കായികം

'മെസി അല്ല, ഫുട്ബോൾ എന്നാൽ അവർക്ക് ഇപ്പോഴും മറഡോണ തന്നെ'

സമകാലിക മലയാളം ഡെസ്ക്

യണല്‍ മെസി ഫുട്‌ബോള്‍ ലോകത്ത് പന്ത് തട്ടി തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെ മറഡോണയുടെ പിന്‍ഗാമിയായാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ സാമ്യങ്ങളായിരുന്നില്ല ഇരു താരങ്ങളേയും വേര്‍തിരിച്ചത്. രണ്ട് വ്യത്യസ്തരായ നൈസര്‍ഗിക ഫുട്‌ബോള്‍ പ്രതിഭകളാണ് മറഡോണയും മെസിയും. എന്നാല്‍ ഇരുവരുടേയും രീതികള്‍ തമ്മില്‍ സത്യത്തില്‍ ഒട്ടും സാമ്യമില്ല എന്നു കാണാം. 

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം നിലവില്‍ മെസിയുടെ പേരിലാണ്. 165 മത്സരങ്ങളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് വേണ്ടി 87 ഗോളുകള്‍ മെസി ഇതുവരെ നേടിയിട്ടുണ്ട്. മറഡോണ രാജ്യത്തിനായി 106 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളാണ് നേടിയത്. ക്ലബ് തലത്തില്‍ ബാഴ്‌സലോണയ്ക്കായി മാത്രം കളിച്ച മെസി 700 മത്സരങ്ങളില്‍ നിന്ന് 640 ഗോളുകള്‍ നേടി. മറഡോണയാകട്ടെ അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപോളി, സെവിയ്യ, ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ടീമുകള്‍ക്കായി 588 മത്സരങ്ങളില്‍ നിന്ന് 312 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. 

കണക്കുകളില്‍ മുന്‍പില്‍ നില്‍ക്കുമ്പോഴും അര്‍ജന്റീന തെരുവുകളില്‍ ഉയരുന്ന ചിത്രങ്ങളിലും മറ്റും ഇപ്പോഴും പ്രാധാന്യത്തോടെ നില്‍ക്കുന്നത് മറഡോണ തന്നെയാണ്. മെസിയല്ല. അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ സംബന്ധമായ എന്ത് കാര്യം നടന്നാലും അതില്‍ മറഡോണയുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് ആ ജനത വിശ്വസിക്കുന്നു. ലോക പോരാട്ടത്തില്‍ അര്‍ജന്റീനയുടെ വീര നായക പരിവേഷമാണ് മറഡോണയ്‌ക്കെങ്കില്‍ മെസിക്ക് ദുരന്തപരിവേഷമാണ്. 

മറഡോണയും മെസിയും ലോകകപ്പില്‍ നായകരായി ദേശീയ ടീമിനെ നയിച്ചവരാണ്. അതിന്റെ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് രണ്ട് തവണയും മെസി നിസഹായനായി നിന്നു. എന്നാല്‍ മറഡോണ തന്റെ രണ്ടാം ശ്രമത്തില്‍ ലോകകപ്പുയര്‍ത്തി രാജ്യത്തിന് അഭിമാനമായി. ആ ലോകകപ്പില്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് മറഡോണ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചതും. 19 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ മെസി നേടിയപ്പോള്‍ 21 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് മറഡോണയുടെ സമ്പാദ്യം. 

കളത്തിനു പുറത്ത് മെസി തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യ നല്‍കുന്ന ആളാണ്. എന്നാല്‍ മറഡോണയ്ക്ക് അത്തരമൊരു അതിര്‍വരമ്പുകളൊന്നും ഇല്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും മടി കാണിക്കാത്ത പ്രതിഭയെ ധൂര്‍ത്തടിച്ച വ്യക്തിത്വമായിരുന്നു മറഡോണ. അത്ര വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ജീവിത നിമിഷങ്ങളും. കളത്തിനകത്തും പുറത്തും അതുതന്നെയായിരുന്നു. കഞ്ചാവും മയക്കുമരുന്നും മദ്യവുമൊക്കെ പല കാലത്തായി മറഡോണയുടെ പ്രതിഭയെ നശിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മെസി വിഭിന്നനായിരുന്നു. 

ഏണസ്റ്റോ ചെ ഗുവേരയെ പച്ചക്കുത്തിയ മറഡോണ തന്റെ ഇടതു പക്ഷ രാഷ്ട്രീയം പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഇത്ര ശക്തമായി ഒരു ഫുട്‌ബോള്‍ താരം രാഷ്ട്രീയ നിലപാട് സ്വീകരിച്ചതും അന്ന് ലോകത്തിന് അത്ര പരിചയമായിരുന്നില്ല. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുമായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ മെസി അത്തരത്തിലുള്ള ഒരു രാഷ്ട്രീയ നിലപാടും പ്രഖ്യപിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്