കായികം

ഇന്ത്യന്‍ പര്യടനം ശ്രീലങ്കയ്ക്ക് നല്‍കിയത് ലോട്ടറി; അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് കോടികള്‍. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം ശ്രീലങ്കയില്‍ മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പോരാട്ടങ്ങളാണ് ശ്രീലങ്കയില്‍ കളിച്ചത്. ഏകദിന പരമ്പര 2-1ന് ഇന്ത്യയും ടി20 പരമ്പര ഇതേ മാര്‍ജിനില്‍ ശ്രീലങ്കയും സ്വന്തമാക്കുകയായിരുന്നു. 

ഇന്ത്യന്‍ ടീം കളിക്കാനെത്തിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ റവന്യു വരുമാനം ഒറ്റയടിക്കാണ് കുതിച്ചുയര്‍ന്നത്. പര്യടനത്തിലൂടെ റവന്യു വരുമാനം 107 കോടി രൂപയായെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡിസില്‍വ പറഞ്ഞു. 

പര്യടനത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ ബിസിസിഐയുമായി ബന്ധപ്പെട്ട് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കൂടി നടത്താന്‍ സാധിക്കുമോ എന്ന് ആരായുകയും ബിസിസിഐ സമ്മതം അറിയിക്കുകയുമായിരുന്നു. വാണിജ്യ മൂല്യം മുന്‍നിര്‍ത്തിയായിരുന്നു ബോര്‍ഡിന്റെ നീക്കം. രണ്ട് പരമ്പരകളിലൂടെ ലഭിച്ച ബ്രോഡ്കാസ്റ്റിങ് അടക്കമുള്ള വരുമാനമാണ് 107 കോടിയെന്നും മോഹന്‍ ഡിസില്‍വ പറഞ്ഞു. 

'ഈ മഹാമാരി സമയത്ത് പോലും ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയിലേയ്ക്ക് അയച്ചത് ബിസിസിഐയുടേയും ഇന്ത്യന്‍ സര്‍ക്കാന്റേയും പ്രതിബദ്ധത കാണിക്കുന്നു. ബിസിസിഐയുമായി ഞങ്ങള്‍ക്കുള്ള നല്ല ബന്ധവും അതിന് കാരണമായി. അവരുടെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍, ഈ പര്യടനവുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഇത് ലാഭകരമായ വാണിജ്യ മൂല്യവും വരുമാനവും ശ്രീലങ്കയ്ക്ക് ലഭിക്കാനും കാരണമായി'- മോഹന്‍ വ്യക്തമാക്കി. 

താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഘട്ടം വന്നപ്പോള്‍ പോലും അതൊന്നും ബാധിക്കാത്ത തരത്തില്‍ പരമ്പരകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ബിസിസിഐയ്ക്കും ഇന്ത്യന്‍ ടീമിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്