കായികം

'ഷൂവിന്റെ ലെയ്സ് കെട്ടാൻ പോലും സാധിച്ചില്ല'- അശ്വിൻ പൊരുതിയത് വേദന കടിച്ചമർത്തി; വെളിപ്പെടുത്തി ഭാര്യ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വിജയത്തോളം പോന്ന സമനില ഇന്ത്യക്ക് സമ്മാനിച്ച പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ആർ അശ്വിൻ. ഏഴാമനായി ക്രീസിലെത്തിയ അശ്വിൻ, ഹനുമ വിഹാരിക്കൊപ്പം വീരോചിത ചെറുത്തു നിൽപ്പിലൂടെ ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. സമാന അവസ്ഥയായിരുന്നു അശ്വിനും. പരിക്കുമായാണ് താരം പൊരുതിയത്. 

മത്സര ശേഷം അശ്വിൻറെ രോഗ വിവരങ്ങൾ ഭാര്യ പ്രീതി അശ്വിൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 'കടുത്ത നടുവേദനയോടെയാണ് കഴിഞ്ഞ രാത്രി അശ്വിൻ ഉറങ്ങാൻ പോയത്. രാവിലെ എഴുന്നേൽക്കുമ്പോൾ നിവർന്ന് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഷൂവിൻറെ ലെയ്‌സ് കെട്ടാൻ കുനിയാനും കഴിയുമായിരുന്നില്ല. എന്നിട്ടും ഇന്ന് അശ്വിൻ കാട്ടിയ പ്രകടനം കണ്ട് വിസ്‌മയിച്ചു' - പ്രീതി ട്വീറ്റ് ചെയ്തു. 

ടെസ്റ്റ് കരിയറിൽ തൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സിഡ്‌നി ടെസ്റ്റിൻറെ അഞ്ചാംദിനം അശ്വിൻ പുറത്തെടുത്തത്. അർധ സെഞ്ച്വറികൾ നേടിയ റിഷഭ് പന്തും ചേതേശ്വർ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിൻറെ ഐതിഹാസിക പ്രതിരോധം. ഇതിനിടെ വിഹാരിക്ക് പേശിവലിവ് വരികയും ചെയ്തു. സ്റ്റാർക്ക്, കമ്മിൻസ്, ഹേസൽവുഡ് ത്രയം ശരീരത്തിന് നേർക്ക് തുടർച്ചയായി ബൗൺസറുകൾ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിൻ തളർന്നില്ല. 

ആറാം വിക്കറ്റിൽ അശ്വിൻ- വിഹാരി ദ്വയം പുറത്താകാതെ 259 പന്തിൽ 62 റൺസ് നേടിയപ്പോൾ അതിൽ 39 റൺസ് അശ്വിൻറെ സംഭാവനയായിരുന്നു. കടുത്ത നടുവേദനയ്‌ക്കിടയിലും അശ്വിൻ 128 പന്തുകൾ പ്രതിരോധിച്ചു. വിഹാരി 161 പന്തിൽ 23 റൺസെടുത്താണ് പുറത്താകാതെ നിന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു