കായികം

'ദാ ഈ യുവ താരം കളിയുടെ ഗതി നിര്‍ണയിക്കും'- ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന താരത്തെക്കുറിച്ച് വെങ്‌സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഈ മാസം 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ലോക ക്രിക്കറ്റിലെ കരുത്തുറ്റ സംഘങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. നിരവധി മുന്‍ താരങ്ങള്‍ സാധ്യത കൂടുതല്‍ ആര്‍ക്കാണെന്ന് കാര്യ കാരണ സഹിതം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സമാനമായൊരു പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. 

വിരാട് കോഹ്‌ലി നായകനായ ഇന്ത്യന്‍ സംഘം നിരവധി യുവ താരങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ്. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ തങ്ങളുടേതായ ദിവസം കളിയുടെ ഗതി തന്നെ മാറ്റാന്‍ കെല്‍പ്പുള്ള പ്രതിഭകളാണ്. കിരീട പോരാട്ടത്തില്‍ കളിയുടെ ഗതി നിര്‍ണയിക്കാന്‍ പോകുന്ന ഇന്ത്യന്‍ താരം ആരായിരിക്കുമെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. 

ഒരു ക്രിക്കറ്റ് ടീമിനെ സന്തുലിതമായി നിര്‍ത്തുന്നത് ആ ടീമിലെ വിക്കറ്റ് കീപ്പറാണെന്ന് വെങ്‌സര്‍ക്കാര്‍ പറയുന്നു. ആ നിലയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറാന്‍ പോകുന്നത് ഋഷഭ് പന്താണെന്നാണ് വെങ്‌സര്‍ക്കാര്‍ പ്രവചിക്കുന്നത്. 

'ടീമിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് വിക്കറ്റ് കീപ്പറുടേത്. സ്റ്റംപിങുകളും റണ്ണൗട്ടുകളും സാധ്യമാക്കുന്നത് മാത്രമല്ല വിക്കറ്റ് കീപ്പറുടെ ദൗത്യം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്ന താരം കൂടിയാണെങ്കില്‍ കളിയുടെ ഗതി തന്നെ മാറ്റാന്‍ സാധിക്കും. ഋഷഭ് പന്തിനെ പോലെ പ്രതിഭാധനനായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്ക് ഉണ്ട് എന്നതാണ് ടീമിന് കിട്ടുന്ന ഏറ്റവും വലിയ മുന്‍തൂക്കം'- വെങ്‌സര്‍ക്കാര്‍ പറയുന്നു. 

വിക്കറ്റ് കീപ്പറായി ടീമിലെത്തുന്ന താരം പിന്നീട് മികച്ച ബാറ്റ്‌സ്മാന്‍ ആയി മാറുന്നത് ധോനിയെ ചൂണ്ടി വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിക്കറ്റ് കീപ്പര്‍ ലേബലിലെത്തിയ ധോനി പിന്നീട് നിരന്തരം മെച്ചപ്പെട്ടത് പോലെ തന്നെയാണ് പന്തിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് വെങ്‌സര്‍ക്കാര്‍ പറയുന്നു. 

സമീപ കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഇന്ത്യന്‍ ടീമിന് സംഭാവന ചെയ്ത താരങ്ങളുടെ മുന്‍നിരയിലാണ് 23കാരനായ ഋഷഭ് പന്ത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചതോടെയാണ് പന്ത് കൂടുതല്‍ ശ്രദ്ധേയനായതും ടീമിലെ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയതും. പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ച് പ്രകടനം മെച്ചപ്പെടുത്തിയ പന്ത് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ നിര്‍ണായക ശക്തിയായി മാറുമെന്ന് ആരാധകരും ഉറച്ചു വിശ്വസിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍