കായികം

'അതെല്ലാം ഇപ്പോൾ വിദ്വേഷം ജനിപ്പിക്കുന്നതായി മാറിയത് അത്ഭുതകരം തന്നെ; വേട്ടയാടൽ അവസാനിപ്പിക്കു'- ‌ട്വീറ്റ് വിവാദത്തിൽ വോൺ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: അരങ്ങേറ്റ ടെസ്റ്റ് കളിക്കാൻ ഇറങ്ങിയതിന് പിന്നാലെ ഇം​ഗ്ലീഷ് താരം ഒലി റോബിൻസന്റെ വംശീയ വിദ്വേഷവും ലൈം​ഗികാധിക്ഷേപം നിറഞ്ഞതുമായ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയത് താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയായി നിൽക്കുകയാണിപ്പോൾ. അരങ്ങേറ്റ ടെസ്റ്റിൽ ഓൾറൗണ്ട് മികവ് പുറത്തെടുത്തതിന് പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ടീമിലിടം കിട്ടിയ ഡോം ബെസ് തന്റെ ട്വിറ്റർ അക്കൗണ്ട് തന്നെ ഇല്ലാതാക്കിയാണ് എത്തിയത്. എന്നാൽ താരത്തിന്റെ പഴയ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ പുതിയ വിവാദത്തിന് കാരണമായി.

പിന്നാലെ പരിമിത ഓവർ ക്യാപ്റ്റൻ ഇയാൻ മോർ​ഗൻ, ജോസ് ബട്ലർ, ജെയിംസ് ആൻഡേഴ്സൻ എന്നിവരുടെയൊക്കെ പഴയ ട്വിറ്റർ പരാമർശങ്ങൾ കൂടി പരസ്യമായതോടെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ഇപ്പോൾ വൻ വിവാദ ചുഴിയിലാണ്. 

ഇപ്പോഴിതാ ഇം​ഗ്ലീഷ് താരങ്ങളുടെ പഴയകാല ട്വീറ്റുകൾ കുത്തിപ്പൊക്കി വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ രംഗത്തെത്തി. ‌പോസ്റ്റ് ചെയ്ത സമയത്ത് ആർക്കും യാതൊരു അലോസരവും സൃഷ്ടിക്കാത്ത ട്വീറ്റുകൾ ഇപ്പോൾ എങ്ങനെയാണ് വലിയ പ്രശ്നമായി മാറുന്നതെന്ന് വോൺ ചോദിക്കുന്നു. 

ഇന്ത്യക്കാരുടെ ഇംഗ്ലിഷിലുള്ള പ്രാവീണ്യത്തെ പരിഹസിച്ച് 2–3 വർഷം മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരിലാണ് മോർഗനും ബട്‍ലറും പ്രതിക്കൂട്ടിലായത്. 2010ൽ സഹതാരം സ്റ്റുവാർട്ട് ബ്രോഡിന്റെ ഹെയർസ്റ്റൈലിനെ പരിഹസിച്ച് ലെസ്ബിയനേപ്പോലുണ്ടെന്ന് പറഞ്ഞാണ് ആൻഡേഴ്സൻ വിവാദത്തിൽ ചാടിയത്.

‘മോർഗനോ ബട്‍ലറോ ആൻഡേഴ്സനോ ട്വീറ്റ് ചെയ്ത സമയത്ത് അതിന്റെ പേരിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായതായി അറിയില്ല. പക്ഷേ വർഷങ്ങൾക്കിപ്പുറം ആ ട്വീറ്റുകൾ വലിയ വിദ്വേഷം ജനിപ്പിക്കുന്നവയായി മാറിയത് അത്ഭുതകരം തന്നെ. എന്തൊരു വിഡ്ഢിത്തമാണിത്! ഈ വേട്ടയാടൽ അവസാനിപ്പിച്ചേ തീരൂ’ – വോൺ ട്വിറ്ററിൽ കുറിച്ചു.

‘ഒലി റോബിൻസൻ ‍വിഷയത്തെ ഇസിബി ഏറ്റവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടായേക്കാം. പക്ഷേ, റോബിൻസനെ ഇനി ഒരിക്കലും കളിക്കാൻ അനുവദിക്കരുതെന്ന തരത്തിൽ ചിലർ ആവശ്യമുയർത്തുന്നത് വിഡ്ഢിത്തമാണ്. അദ്ദേഹത്തെ തീർച്ചയായും ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കണം’ – വോൺ ട്വിറ്ററിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു