കായികം

'ജഡേജയ്ക്ക് ഇം​ഗ്ലീഷ് അറിയില്ല'- വീണ്ടും വിവാദ പരാമർശവുമായി മഞ്ജരേക്കർ; ആരാധകന് അയച്ച മെസേജുകൾ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാക്കുകൾ പിഴച്ച് സ്ഥിരം വിവാദങ്ങളിൽ നിറയുന്ന ആളാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 2019ലെ ലോകകപ്പിന് തൊട്ടുമുൻപ് മഞ്ജരേക്കർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് മികച്ച ബാറ്റിങിലൂടെ ജഡേജ ​ഗംഭീര മറുപടി നൽകിയതും പിന്നാലെ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിൽ അർധ സെഞ്ച്വറി നേടി കമന്ററി ബോക്സിന് നേർക്ക് ബാറ്റ് വാൾ പോലെ ചുഴറ്റി പ്രതിഷേധിച്ചതും ആരാധകർ ആഘോഷിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് മഞ്ജരേക്കർ ആർ അശ്വിനെതിരെ പറഞ്ഞതും വലിയ ചർച്ചകൾക്കാണ് വഴി തുന്നത്. 

ഇപ്പോഴിതാ മഞ്ജരേക്കറുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ഇത്തവണയും ജഡേജയെ അധിക്ഷേപിച്ചാണ് മഞ്ജരേക്കർ വെട്ടിലായിരിക്കുന്നത്. ജഡേജയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന പരാമർശമാണ് പുതിയ വിവാദം.

രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്നായിരുന്നു 2019 ലോകകപ്പിനിടെ മഞ്ജരേക്കർ വിശേഷിപ്പിച്ചത്. അന്നത് ട്വിറ്റർ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും വാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ മറുപടി നൽകിയപ്പോൾ വിവാദം തെല്ലൊന്നടങ്ങി. അന്നത്തെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ആരാധകന് മഞ്ജരേക്കർ നൽകിയ മറുപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

'താരങ്ങളെ നിങ്ങളെ പോലെ ആരാധിക്കാൻ എനിക്കാവില്ല. ഞാൻ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്‌ക്ക് പൊട്ടും പൊടിയും എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായിട്ടില്ല'- ഇതായിരുന്നു മഞ്ജരേക്കറുടെ പരാമർശം. സൂര്യ നാരായണൻ എന്ന ആരാധകൻ ട്വിറ്ററിലൂടെ ഇതിൻറെ സ്‌ക്രീൻഷോട്ട് പരസ്യമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. 

എന്നാൽ സംഭവത്തിൽ മഞ്ജരേക്കറോ ജഡേജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ മഞ്ജരേക്കറിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്