മ്യൂണിക്ക്: യൂറോ കപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസിന് എതിരെ പോർച്ചുഗൽ ഇറങ്ങുന്നു. പ്രീക്വാർട്ടർ സ്വപ്നവുമായി ഹംഗറി ഇന്ന് ജർമനിക്കെതിരേയും ഇറങ്ങുമ്പോൾ യൂറോ കപ്പിൽ ഇന്ന് ആവേശം നിറയും.
മരണ ഗ്രൂപ്പായ എഫിൽ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. പോർച്ചുഗലാണോ ജർമനിയാണോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കടക്കുക എന്നതാണ് ഇനി അറിയേണ്ടത്. ഫ്രാൻസിന് എതിരെ ഇന്ന് വലിയ മാർജിനിൽ പോർച്ചുഗലിന് ജയിക്കണം. ജർമനി-ഹംഗറി മത്സര ഫലവും പോർച്ചുഗലിന് നിർണായകമാണ്.
ഫ്രാൻസിനെ 1-1ന് തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹംഗറി വരുന്നത്. അതിനാൽ ജർമനിക്കും കാര്യങ്ങൾ എളുപ്പമായേക്കില്ല. പോർച്ചുഗലിന് എതിരെ മികച്ച ജയം പിടിച്ചതാണ് ജർമനിയുടെ കരുത്ത് കൂട്ടുന്ന ഘടകം. ഹവെർട്ട്, കിമ്മിച്ച്, മുള്ളർ, ഗ്നാബ്രി എന്നിവരുടെ ഫോം ജർമനിക്ക് തുണയാവും.
വെയിൽസ്, ഡെൻമാർക്ക്, ഇറ്റലി, ഓസ്ട്രിയ, നെതർലാൻഡ്സ്, ബെൽജിയം എന്നീ ടീമുകൾ ഇതുവരെ പ്ലേഓഫ് കടന്നു. 2020ൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ