കായികം

'യുവാക്കളെ' നിങ്ങള്‍ നന്നായി കളിച്ചു'- ടി20 കിരീടം നേടിയ സച്ചിനും സംഘത്തിനും അഭിനന്ദനവുമായി യുവരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: റോഡ് സേഫ്റ്റി ടി20 കിരീടം ഇന്ത്യ ലെജന്‍ഡ്‌സിന്. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലെജന്‍ഡ്‌സ് കിരീടം നേടിയത്. 14 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 

ഇപ്പോഴിതാ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ടീമംഗം കൂടിയായ യുവരാജ് സിങ് രംഗത്തെത്തിയത് ശ്രദ്ധേയമായി. 'യുവാക്കളെ നിങ്ങള്‍ നന്നായി കളിച്ചു'- എന്ന കുറിപ്പോടെ ടീമംഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പങ്കിട്ടായിരുന്നു യുവിയുടെ അഭിനന്ദനം. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ശ്രീലങ്കയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. 14 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 

36 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റണ്‍സ് വാരിയ യൂസുഫ് പഠാന്‍, 41 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 60 റണ്‍സ് അടിച്ചെടുത്ത യുവരാജ് സിങ് എന്നിവരുടെ മികച്ച ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 23 പന്തില്‍ 30 റണ്‍സെടുത്തു. 

ജയം തേടിയിറങ്ങിയ ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ (21), സനത് ജയസൂര്യ (43), ചിന്തക ജയസിംഗെ (40), കൗസല്യ വീരരത്‌നെ (38) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്താന്‍ അത് പര്യാപ്തമായില്ല. 

ഇന്ത്യക്കായി ഇര്‍ഫാന്‍, യൂസുഫ് പഠാന്‍ സഹോദരങ്ങള്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മന്‍പ്രീത് ഗോണി, മുനാഫ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. യൂസുഫ് പഠാനാണ് കളിയിലെ താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു