ടൂറിൻ: കളി തുടങ്ങിയ സ്പോർട്ടിങ്ങിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തില്ല. യുവന്റ്സ് വിടുന്ന ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിന്റെ ഭാഗമാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും താരത്തിന്റെ ഏജന്റ് മെൻഡസ് അത് നിഷേധിച്ചു.
പോർച്ചുഗലിലേക്ക് മടങ്ങിയെത്തി സ്പോർട്ടിങ്ങിന് വേണ്ടി കളിക്കണം എന്ന ആഗ്രഹം ക്രിസ്റ്റ്യാനോയുടെ അമ്മ തന്നെ പങ്കുവെച്ചിരുന്നെങ്കിലും യുവന്റ്സ് സൂപ്പർ താരത്തിന് മറ്റ് പ്ലാനുകളുണ്ടെന്ന് വ്യക്തം. സ്പോർട്ടിങ് പോർച്ചുഗൽ ലീഗ് കിരീടം നേടിയതിൽ ക്രിസ്റ്റ്യാനോ സന്തുഷ്ടനാണ്. എന്നാൽ പോർച്ചുഗൽ ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പ്ലാനുകളിൽ ഇല്ലെന്ന് മെൻഡസ് പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയതോടെ ക്രിസ്റ്റ്യാനോ യുവന്റ്സ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടക്കമുണ്ടാവുമോ എന്നതാണ് ആകാംക്ഷ കൂട്ടുന്ന ഘടകം. പിഎസ്ജിയും ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി രംഗത്തുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ സിദാന്റെ പക്കലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിയേക്കുമെന്ന അഭ്യൂഹവും ഫുട്ബോൾ ലോകത്തിന് മുകളിലുണ്ട്.
അടുത്തിടെ യുവന്റ്സിന് വേണ്ടി വേഗത്തിൽ 100 ഗോൾ നേടുന്ന താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. മൂന്ന് സീസൺ മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വന്നത്. ഇതോടെ മൂന്ന് ക്ലബുകൾക്ക് വേണ്ടിയും ദേശിയ ടീമിന് വേണ്ടിയും 100 ഗോൾ സ്കോർ ചെയ്യുന്ന ഒരേയൊരു താരവുമായി ക്രിസ്റ്റ്യാനോ മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ