കായികം

'ചികിത്സിച്ചിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നേനെ'- മറഡോണയുടെ മരണം അനാസ്ഥ കൊണ്ട്; ഡോക്ടർമാരടക്കം ഏഴ് പേർക്കെതിരെ നരഹത്യാ കുറ്റം

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയുടെ മരണം ഡോക്ടർമാർ അടക്കമുള്ളവരുടെ ​ഗുരുതര അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോർട്ട്. മരണത്തിന് ഉത്തരവാദികളായ ഏഴ് ആരോ​ഗ്യ പ്രവർത്തകർക്കെതിരെ കേസെടുത്തു.  ആസൂത്രിത കൊലക്കുറ്റമാണ് ഇവർക്ക് ചുമത്തിയിരിക്കുന്നത്. മറഡോണയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരെന്നു തെളിഞ്ഞാൽ ഇവർക്ക് എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ന്യൂറോ സർജനും മറഡോണയുടെ കുടുംബ ഡോക്ടറുമായ ലിയോപോൾഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാചോവ്, മറഡോണയുടെ മെഡിക്കൽ ടീമിലെ രണ്ട് ആരോ​ഗ്യ വി​​ദ​ഗ്ധർ, ഒരു ഡോക്ടർ, ഒരു സൈക്കോളജിസ്റ്റ്, നഴ്സ് കോർഡിനേറ്റർ അ‌ടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂട്ടർമാർ സ്വമേധയാ നരഹത്യാ കുറ്റം ചുമത്തിയത്. മസ്തിഷ്കത്തിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ബ്യൂണസ് അയേഴ്സിന് പുറത്തുള്ള ഒരു വാടക വീട്ടിൽ കഴിയവേയാണ് മറഡോണ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. മരിക്കുമ്പോൾ 60 വയസായിരുന്നു അദ്ദേഹത്തിന്. 

മറഡോണയ്ക്ക് അന്ത്യ നിമിഷങ്ങളിൽ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും മരണത്തിന് മുമ്പ് 12 മണിക്കൂറോളം താരം അതി തീവ്രമായ വേദന അനുഭവിച്ചുവെന്നും ആ സമയം ശരിയായ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മതിയായ ചികിത്സയ്ക്കായി കൃത്യ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്ന നി​ഗമനമാണ് അന്വേഷണം സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഈ പരാമർശമടക്കം പരി​ഗണിച്ചാണ് പ്രോസിക്യൂഷൻ ആസൂത്രിതമായ കൃത്യവിലോപത്തിനും അനാസ്ഥയ്ക്കും ചികിത്സാ പിഴവിനും കേസെടുത്തത്.

മറഡോണയുടെ മരണത്തിൽ സംശയം രേഖപ്പെടുത്തി കുടുംബാംഗങ്ങൾ രംഗത്തു വന്നതിനേത്തുടർന്നാണ് അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. സംഭവത്തിൽ നാല് മാസത്തെ അന്വേഷണത്തിനു ശേഷമാണ് ബോർഡ് റിപ്പോർട്ട് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ