കായികം

ആഘോഷങ്ങൾക്കിടെ ഫിഫയുടെ 'ഷോക്ക്'- ഇന്ത്യൻ ഫുട്ബോൾ സ്വപ്നത്തിനേറ്റ കനത്ത അടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് ഇന്ത്യൻ ഫുട്ബോളിന് തിരച്ചടിയായി ഫിഫയുടെ വിലക്ക് വന്നത്. വളർച്ചയുടെ പാതയിൽ സഞ്ചരിക്കുമ്പോൾ വന്ന ഈ വിലക്ക് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തന്നെ ചോദ്യ ചിഹ്നത്തിൽ നിർത്തുകയാണ്. അണ്ടർ 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വമടക്കമുള്ളവ ഇതോടെ ഇന്ത്യക്ക് നഷ്ടമാകും.

2020ല്‍ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഈ വർഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 11 മുതല്‍ 30 വരെ ലോകഫുട്‌ബോളിനെ വരവേല്‍ക്കാനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഇന്ത്യ എല്ലാ സന്നാഹങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. ആ മോഹങ്ങളാണ് ഇപ്പോൾ തകർന്നു വീണിരിക്കുന്നത്. 

ഇന്ത്യയുടെ പുരുഷ- വനിതാ ടീമുകള്‍ക്ക്‌ ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. ജൂനിയര്‍ സീനിയര്‍ ടീമുകളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും ഈ വിലക്ക് ബാധകമാണ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും ഇന്ത്യയ്ക്ക് കളിക്കാന്‍ സാധിക്കില്ല. എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എന്നീ വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പുരുഷ ടീമിന് സാധിക്കില്ല. വനിതാ ഫുട്‌ബോള്‍ ടീമിന് എഎഫ്സി വുമണ്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റും നഷ്ടമാകും. 

ഐഎസ്എല്‍, ഐ ലീഗ് പോരാട്ടങ്ങൾക്ക് വിലക്ക് ബാധകമല്ല. പക്ഷേ ഈ ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്ന ക്ലബുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാൻ സാധിക്കില്ല. 

എഐഎഫ്എഫിലെ ബാഹ്യ ഇടപെടലുകളാണ് ഫിഫയുടെ വിലക്കിന് ആധാരം. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫിന്റെ തലവനായി തുടരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ഫിഫ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണം പൂര്‍ണമായും എഐഎഫ്എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നുമാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഫുല്‍ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് എഐഎഫ്എഫ് പ്രത്യേക സമിതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയാണ് ഹര്‍ജി ഫയല്‍ ചെയ്തതത്. താത്കാലിക ഭരണ സമിതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് പ്രഫുല്‍ പട്ടേല്‍ അടക്കം എട്ട് പേര്‍ക്കെതിരേയാണ് ഹർജി.

പ്രഫുല്‍ പട്ടേലിന്റെ ഇടപെടല്‍ കാരണം ഇന്ത്യയില്‍ വെച്ച് അണ്ടര്‍ 17 ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന തരത്തിലുള്ള ഭീഷണികള്‍ ഫിഫയുടെ ഭാഗത്തു നിന്നുണ്ടായെന്ന് സമിതി അന്നുതന്നെ ആരോപിച്ചിരുന്നു. 

ഫുട്‌ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ വിലക്കിനെ എങ്ങനെ നേരിടുമെന്നതാണ് ഇനിയറിയേണ്ടത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിയന്ത്രണം എഐഎഫ്എഫ് ഏറ്റെടുത്തില്ലെങ്കില്‍ ലോകകപ്പമടക്കമുള്ളവ ഇന്ത്യക്ക് നഷ്ടമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

'അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ'; പ്രസവാവധി നിഷേധിക്കാന്‍ തൊഴില്‍ദാതാവിനാവില്ല: ഹൈക്കോടതി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു; കേസെടുക്കുമെന്ന് പൊലീസ്

ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്തു കൊന്ന യുവാവ് മരിച്ച നിലയിൽ