കായികം

2006ന് ശേഷം ലോകകപ്പില്‍ ഇക്വഡോറിനായി വല ചലിപ്പിച്ച ഏക താരം; 'സൂപ്പര്‍ മാന്‍' വലന്‍സിയ

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആതിഥേയ രാഷ്ട്രം ഉദ്ഘാടന മത്സരം പരാജയപ്പെട്ടുവെന്ന നാണക്കേട് ഖത്തര്‍ ഏറ്റുവാങ്ങിയപ്പോള്‍ അതിലേക്ക് അവരെ വീഴ്ത്തിയ ഒരു മനുഷ്യനുണ്ട്. ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയ. ഇരട്ട ഗോളുകളുമായി കളം വാണ വലന്‍സിയയുടെ മികവാണ് ഖത്തറിന്റെ 12 വര്‍ഷം നീണ്ട തയ്യാറെടുപ്പിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ചത്. 

ആദ്യ അര മണിക്കൂറില്‍ തന്നെ എന്നര്‍ വലന്‍സിയ കളിയുടെ വിധി നിര്‍ണയിച്ചുവെന്ന് പറയാം. 16ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആദ്യം വലയിലെത്തിച്ച് ഇക്വഡോറിന് ലീഡ് സമ്മാനിച്ച നായകന്‍ 31ാം മിനിറ്റില്‍ രണ്ടാം ഗോളും വലയിലാക്കി ഖത്തറിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. 

ലോകത്തിന് മുന്നില്‍ കളിക്കുന്നതിന്റെ എല്ലാ അങ്കലാപ്പും ഖത്തര്‍ താരങ്ങളുടെ ശരീര ഭാഷയില്‍ വ്യക്തമായിരുന്നു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും കാര്യമായി ഉതിര്‍ക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. രണ്ടാം പകുതിയില്‍ അല്‍പ്പം മെച്ചപ്പെട്ട പാസിങുകളുമായി അവര്‍ കളം നിറഞ്ഞത് മാത്രമാണ് എടുത്തു പറയാനുണ്ടായിരുന്നത്. 

രണ്ട് ഗോളുകള്‍ നേടിയ എന്നര്‍ വലന്‍സിയ ഇക്വഡോറുകാരുടെ സൂപ്പര്‍ മാനാണ്. താരത്തിനെ ഇക്വഡോര്‍ ആരാധകര്‍ വിശേഷിപ്പിക്കുന്നതും സൂപ്പര്‍ മാന്‍ എന്നു തന്നെ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് എന്നര്‍ വലന്‍സിയക്ക് സ്വന്തം. ലോകകപ്പില്‍ ഇക്വഡോറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവും സൂപ്പര്‍ മാന്‍ തന്നെ. ഇക്വഡോറിനായി 37 ഗോളുകളാണ് താരം വലയിലെത്തിച്ചത്. ലോകകപ്പിലെ ഗോള്‍ നേട്ടം അഞ്ചിലും എത്തിച്ചു. 2014ലെ ലോകകപ്പില്‍ താരം മൂന്ന് ഗോളുകള്‍ നേടിയിരുന്നു. 

തീര്‍ന്നില്ല, ഇക്വഡോര്‍ 2006ന് ശേഷം ലോകകപ്പില്‍ നേടിയ അഞ്ച് ഗോളുകളും വലന്‍സിയയുടെ പേരില്‍ തന്നെയായി. കോസ്റ്റ റിക്കയ്‌ക്കെതിരെ 2006ലെ ലോകകപ്പില്‍ ഇവാന്‍ കിവിയെഡെസ് ആണ് വലന്‍സിയയ്ക്ക് മുന്‍പ് ലോകകപ്പില്‍ ഇക്വഡോറിനായി അവസാനം വല ചലിപ്പിച്ചത്.

തുര്‍ക്കി ക്ലബ് ഫെനര്‍ബാഷയ്ക്കായി സീസണില്‍ മിന്നും ഫോമിലാണ് വലന്‍സിയ കളിച്ചത്. ആ മികവ് താരം ഖത്തറിനെതിരെയും തുടര്‍ന്നു. ആദ്യ മത്സരം വിജയിച്ച് നിര്‍ണായക മൂന്ന് പോയിന്റ് നേടിയ ഇക്വഡോറിന് പക്ഷേ അല്‍പ്പം ആശങ്കയും നില്‍ക്കുന്നുണ്ട്. എന്നര്‍ വലന്‍സിയക്ക് മത്സരത്തിനിടെ പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നതാണ് അവര്‍ക്ക് ആശങ്കയായി നില്‍ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍