കായികം

അത്ഭുതം സംഭവിച്ചില്ല; ആനായാസം ഓസീസ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍:  സ്പിന്നില്‍ അത്ഭുതം വിരിയുമെന്ന് കാത്തിരുന്ന ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ വിഫലമായി. വിജയലക്ഷ്യത്തിലേക്ക് വേണ്ടിയിരുന്ന ചെറിയ സ്‌കോര്‍ അനായാസം മറികടന്നതോടെ ഓസീസിന്, മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം. ഒന്‍പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ആതിഥേയരെ വീഴ്ത്തിയത്. 

ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം, വെറും 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഇതോടെ നാലു ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കാന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. പരമ്പരയിലെ നാലാം ടെസ്റ്റ് മാര്‍ച്ച് ഒന്‍പതു മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ഓസീസിനെ നയിച്ച സ്റ്റീവ് സ്മിത്തിനും വിജയത്തോടെ നായക സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. പാറ്റ് കമ്മിന്‍സ് കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് താല്‍ക്കാലിക നായകനായത്. 

ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ മൂന്നാം ദിനത്തിലെ രണ്ടാം പന്തില്‍ത്തന്നെ നഷ്ടമായ ഓസീസിന്, 53 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 49 റണ്‍സെടുത്ത സഹ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. മാര്‍നസ് ലബുഷെയ്‌നും 58 പന്തില്‍ ആറു ഫോറുകളോടെ 28 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഹെഡ്  ലബുഷെയ്ന്‍ സഖ്യം 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ 9.5 ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ഇന്ത്യന്‍ ബാറ്റിങ് നിരയെ തുടച്ച് നീക്കിയത് ഓസീസ് സ്പിന്നര്‍ ലയണാണ്. 64 റണ്‍സ് വഴങ്ങിയ 8 വിക്കറ്റെടുത്ത ലയണ്‍ ബാറ്റിങ് നിരയുടെ തലയും വാലും അറുത്തപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 163 റണ്‍സിന് പുറത്ത്. കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനവുമായി നേഥന്‍ ലയണ്‍ തിളങ്ങിയ ദിവസം ഇന്ത്യ നേരിട്ടത് വലിയ ബാറ്റിങ് തകര്‍ച്ചയായിരുന്നു. 

സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിപ്പിച്ച ശേഷം ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ക്ക് നിലയുറപ്പിക്കാന്‍ പോലുമായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ തകര്‍ച്ചയ്ക്കു നേഥന്‍ ലയണ്‍ തുടക്കമിട്ടത് രണ്ടാം സെഷനിലെ ആദ്യ ഓവറില്‍. ശുഭ്മന്‍ ഗില്‍ (5) ബോള്‍ഡ്. രോഹിത് ശര്‍മ (12), രവീന്ദ്ര ജഡേജ (7) എന്നിവര്‍ ലയണിന്റെ ഇരകളായപ്പോള്‍ വിരാട് കോഹ് ലിയെ (13) മാത്യു കോനമന്‍ എല്‍ബിഡബ്ല്യുവാക്കി. 4ന് 78 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്കു നേരിയ ആശ്വാസം നല്‍കിയത് ചേതേശ്വര്‍ പൂജാരയും (59) ശ്രേയസ് അയ്യരും (26) ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.എന്നാല്‍, ടീം സ്‌കോര്‍ 113ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ഉജ്വല ക്യാച്ചില്‍ ശ്രേയസ് പുറത്തായി. 

തുടര്‍ന്ന് 50 റണ്‍സിനിടെ ഇന്ത്യയുടെ അവസാന 5 വിക്കറ്റുകള്‍ എറിഞ്ഞിട്ട ലയണ്‍, മുന്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ രക്ഷിച്ച വാലറ്റത്തിന് തല പൊക്കാന്‍ ഇത്തവണ അവസരം നല്‍കിയില്ല. എട്ടാം വിക്കറ്റ് വരെ പിടിച്ചുനിന്ന പൂജാരയ്ക്കു മാത്രമാണ് ലയണിനെ പ്രതിരോധിക്കാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു