കേരളം

സെന്‍കുമാറിന്റെ അഭിമുഖം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നീക്കത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രമുഖര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സമകാലിക മലയാളം വാരികയ്‌ക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നു രാഷ്ട്രീയ, മാധ്യമ, നിയമ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍.    
മലയാളം വാരിക പ്രസാധകരേയും എഡിറ്റര്‍ സജി ജെയിംസ്, ലേഖകന്‍ പി.എസ്. റംഷാദ് എന്നിവരേയും പ്രതികളാക്കാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. കെ. സച്ചിദാനന്ദന്‍, സക്കറിയ, സാറാജോസഫ്, പഴവിള രമേശന്‍, കെ.അജിത ബി.ആര്‍.പി ഭാസ്‌കര്‍, എസ്, ജയചന്ദ്രന്‍ നായര്‍, ഡോ.സെബാസ്റ്റിയന്‍ പോള്‍, സി. ഗൗരീദാസന്‍ നായര്‍, എം.ജി.രാധാകൃഷ്ണന്‍, എം.വി നികേഷ് കുമാര്‍, ബി.രാജീവന്‍, ലെനിന്‍ രാജേന്ദ്രന്‍,എസ്.ഭാസുരേന്ദ്രബാബു,പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.
സെന്‍കുമാറുമായി അദ്ദേഹത്തിന്റെ അനുവാദത്തോടെ നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ അനുവാദത്തോടെ റെക്കോഡ് ചെയ്യുകയും അഭിമുഖത്തിന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങള്‍ മാത്രം അതേവിധം പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തതെന്നു വാരിക എഡിറ്ററും ലേഖകനും അന്വേഷണസംഘത്തിനു മുന്നിലും കേരളീയ സമൂഹത്തിനു മുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖത്തിന്റെ സൂക്ഷ്മതയും വിശ്വാസ്യതയും ആധികാരികതയും ഉറപ്പു വരുത്തുന്നതിനാണ് മാധ്യമ പ്രവര്‍ത്തകര്‍ അതു റെക്കോഡ് ചെയ്യുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്കുവേണ്ടി ക്യാമറയ്ക്കു മുന്നില്‍ നടത്തുന്നതൊഴികെയുള്ള അഭിമുഖങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പിന്തുടരുന്ന രീതിയാണിത്. കഴിഞ്ഞ ജൂലൈ രണ്ടിന് ടി.പി. സെന്‍കുമാറുമായി അദ്ദേഹത്തിന്റെ വീട്ടില്‍വച്ചു മലയാളം വാരിക ലേഖകന്‍ മുന്‍കൂട്ടി അനുവാദം വാങ്ങി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം അടങ്ങുന്ന എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുമുണ്ട്. അത്രയും ദീര്‍ഘമായ അഭിമുഖം സ്വകാര്യ സംഭാഷണമായിരുന്നുവെന്ന വാദം സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇനി തനിക്ക് ഒന്നും തുറന്നു പറയാന്‍ തടസ്‌സമില്ലെന്നും താനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അതും റെക്കോഡ് ചെയ്യപ്പെട്ട ടേപ്പിലുണ്ട്. മാത്രമല്ല, പ്രസിദ്ധീകരിച്ചുവന്ന അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും സെന്‍കുമാര്‍ നിഷേധിച്ചിട്ടുമില്ല. പിന്നീടും ഒന്നിലധികം വേദികളില്‍ ആ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരുമായി നേരത്തെ നടത്തിയ നിയമയുദ്ധത്തെ പ്രകീര്‍ത്തിച്ച് ആഴ്ചകള്‍ക്കു മുന്‍പു മാത്രം ലേഖനം പ്രസിദ്ധീകരിച്ച അതേ പ്രസിദ്ധീകരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുമെന്നും വിശ്വസിക്കാനാവുകയുമില്ല.
ഈ സാഹചര്യത്തില്‍ മാധ്യമ സ്ഥാപനത്തിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും വിശ്വാസ്യതയ്ക്കു മേല്‍ അനാവശ്യമായ കരിനിഴല്‍ വീഴ്ത്താനും മാധ്യമ സ്വാതന്ത്ര്യത്തെ പ്രഹസനമാക്കാനുമുള്ള ശ്രമമായേ പൊലീസ് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളെ കാണാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് അത്തരം നീക്കങ്ങളില്‍ നിന്ന് പൊലീസിനെ പൂര്‍ണ്ണമായി പിന്തിരിപ്പിക്കുന്ന അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ