കേരളം

ദിലീപ് അഴിക്കുള്ളിലായിട്ട് ഒരു മാസം; പിടിവിടാതെ അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം. ബലാത്സംഗത്തിനായി രാജ്യത്തെ ആദ്യത്തെ ക്വട്ടേഷന്‍ എന്ന് അന്വേഷണ സംഘം കോടതിയില്‍ വിശേഷിപ്പിച്ച കേസില്‍ ഒരു മാസം പിന്നിടുമ്പോഴും പുറത്തിറങ്ങാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ദിലീപും കൂട്ടരും. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയായിരുന്നു ജൂലൈ പത്തിന് വൈകുന്നേരം ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ജനങ്ങളും സിനിമാ ലോകവും ഒരേ പോലെ ഞെട്ടിയത്. 

അറസ്റ്റിലായി മുപ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജാമ്യത്തിനായി പുതിയ അഭിഭാഷകനുമായി ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. മുപ്പത്തിയൊന്ന് ദിനങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയ മൂന്ന് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 28 ദിവസവും ദിലീപ് ജയിലിലായിരുന്നു. 

ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നയുടനെ ദിലീപിനെതിരായ ജനവികാരമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ പണമൊഴുക്കി ജനവികാരം തങ്ങള്‍ക്കനുകൂലമാക്കാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങള്‍ ഉള്‍പ്പെടെ ബുദ്ധിപരമായി നേരിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ മുന്നോട്ടു പോക്ക്. ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ വിഡിയോ കോണ്‍ഫറന്‍സ് മുഖേന കോടതിക്ക് മുന്നിലെത്തിച്ചതും അന്വേഷണ സംഘത്തിന്റെ ബുദ്ധിപരമായ നീക്കമായിരുന്നു. 

ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച് ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്ന് വിലയിരുത്തിയായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. 

അന്വേഷണത്തോട് ഏത് വിധേനയും സഹകരിക്കാന്‍ ഒരുക്കമാണെന്ന് കോടതിയെ അറിയിച്ചായിരിക്കും പ്രതിഭാഗം ജാമ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തുക. എന്നാല്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാട് പൊലീസും കോടതിയില്‍ വാദിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും, ഇതിന് പിന്നാലെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ ദിലീപിന്റെ ജയില്‍ വാസം വീണ്ടും നീളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി