കേരളം

ഗൊരഖ്പൂര്‍ ദുരന്തം: ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രം; മുറിവുകളില്‍ ഉപ്പുപുരട്ടും വിധമാണ് ഉളുപ്പില്ലാത്ത ന്യായീകരണമെന്നും തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയുടെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയാണ് ഇന്ന് ഉത്തര്‍പ്രദേശ്. ഹൃദയഭേദകമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഗോരഖ് പൂര്‍ മെഡിക്കല്‍ കോളജിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. ഏറ്റവും വിചിത്രം, ബിജെപി നേതാക്കളുടെ പ്രതികരണങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്.  കുട്ടികളുടെ മൃതദേഹങ്ങളും കൈയിലേന്തി നില്‍ക്കുന്ന മാതാപിതാക്കളുടെ നിലവിളിയോ ഉറ്റവരുടെ ഗദ്ഗദങ്ങളോ ഒന്നും കേന്ദ്രഭരണകക്ഷിയെ സ്പര്‍ശിക്കുന്നതേയില്ല. ആഴമേറിയ മുറിവുകളില്‍ ഉപ്പുപുരട്ടുംവിധമാണ് ഉളുപ്പില്ലാത്ത ന്യായീകരണങ്ങളും നിലപാടുകളുമെന്ന് തോമസ് ഐസക് പറഞ്ഞു.

ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കേരളത്തില്‍ ആയിരത്തിന് 12 എന്ന കണക്കിലാണ് ശിശുമരണനിരക്ക്. ഉത്തര്‍പ്രദേശില്‍ അത് 50 ആണ്. ഇത്തരം ജീവിതസൂചികകളുടെ കാര്യത്തില്‍ കേരളം ലോകനിലവാരത്തിലാണ്. നമ്മുടെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ പുറകിലാണ് യുപി.
ഭരണാധികാരികളുടെ മുന്‍ഗണനകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രശ്‌നം ഏതാനും ഓക്‌സിജന്‍ സിലിണ്ടറുകളുടെയോ കുടിശികയുടെയോ അല്ല. പൊതുസമീപനമാണ്. തുടരെ കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍, മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സു പോലും ലഭ്യമല്ല. ചേതനയറ്റ കൈക്കുഞ്ഞുങ്ങളുമായി നടന്നും മോട്ടോര്‍ ബൈക്കിലും വീട്ടിലേയ്ക്കു പോകുന്നവരുടെ മാനസികാവസ്ഥ യുപി ഭരണാധികാരികള്‍ക്കു മനസിലാകുന്നേയില്ല. തീരാനഷ്ടമേറ്റു വാങ്ങിയവര്‍ക്ക് അടിയന്തരമായി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനവും അവിടെയില്ല.

ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് അനുസരിച്ച് പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

ഞെട്ടിക്കുന്നതാണ് യുപിയിലെ ആരോഗ്യസൂചകങ്ങള്‍. ആയിരം ജനനങ്ങളില്‍ 64 പേര്‍ അഞ്ചു വയസിനു മുമ്പു മരിക്കുന്നു. 35 പേര്‍ ഒരു മാസത്തിനുള്ളിലും. 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല. അതിജീവിക്കുന്നവരില്‍ വളര്‍ച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗര്‍ഭിണികള്‍ക്കും മിനിമം ഗര്‍ഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.

ഈ ആരോഗ്യാവസ്ഥയുടെ പ്രതിഫലനം മാത്രമാണ് ഗോരഖ്പൂര്‍ ആശുപത്രിയില്‍ നാം കാണുന്നത്. പഴി ബിജെപിയ്ക്കു മാത്രമല്ലെന്നര്‍ത്ഥം. ഇതുവരെ യുപി ഭരിച്ച എല്ലാവര്‍ക്കുമുണ്ട് ഈ സ്ഥിതിയില്‍ ഉത്തരവാദിത്തം.

എന്നാല്‍ ബിജെപിയ്ക്കു മാത്രം കഴിയുന്ന ഒന്നുണ്ട്. യുപി മുഖ്യമന്ത്രിയും സര്‍ക്കാരും കാണിക്കുന്ന നിസംഗത. കേരളത്തില്‍ പോലും ചാനലുകളില്‍ വന്നിരുന്ന് ഈ സ്ഥിതിയെ ന്യായീകരിക്കാന്‍ കാണിക്കുന്ന മനക്കട്ടി. അതവര്‍ക്കു മാത്രം സ്വന്തമാണ്. എത്രമാത്രം മനുഷ്യത്വവിരുദ്ധമായ സമീപനത്തിന്റെ ഉടമകളാണ് തങ്ങളെന്ന് ഇത്ര ക്രൂരമായി പ്രകടിപ്പിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുകയെന്നും തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്