കേരളം

കുരുക്കുമുറുക്കി പോലീസ്; നടിയെ അക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ഗൂഢാലോചന നടത്തി നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമിച്ച കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിജിപിയായി ചുമതലയേറ്റ ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ചര്‍ച്ചയിലാണ് അറസ്റ്റിലേക്കുള്ള കരുക്കള്‍ മുറുക്കാന്‍ തീരുമാനിച്ചത്. 

കേസുമായി ബന്ധപ്പെട്ടു തുടക്കം മുതല്‍ ഇതുവരെയുള്ള സംഭവങ്ങളും പ്രതികരണങ്ങളും തെളിവുകളും മൊഴികളും കൃത്യമായി വിശകലനം ചെയ്തു പ്രതിയിലേക്കെത്തിയിരിക്കുന്നുവെന്നാണ് സൂചന. ഐജി ദിനേന്ദ്ര കശ്യപ് ആണ് കേസിന് നേതൃത്വം നല്‍കുന്നത്. എഡിജിപി ബി സന്ധ്യ കേസിനു മേല്‍നോട്ടം വഹിക്കുന്നുമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗത്തിലാണ് അറസ്റ്റുള്‍പ്പടെയുള്ള നടപടിയിലേക്കു നീങ്ങാനുള്ള തീരുമാനം പോലീസ് കൈകൊള്ളുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഏകോപനമില്ലെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയതായി ചുമതലയേറ്റ ബെഹ്‌റ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് അറസ്റ്റിലായ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് ചക്രം തിരിക്കുന്നത്. അറസ്റ്റിലായ സമയത്തു പണത്തിനു വേണ്ടി സ്വയം ചെയ്ത കൃത്യമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയ സുനി പിന്നീട് ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നടന്‍ ദിലീപിലേക്കും നാദിര്‍ഷയിലേക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയിലേക്കും സംശയം നീളുകയും ഇവരെ 13 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന്, പള്‍സര്‍ ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ പേരു കണ്ടതിനെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. ദിലീപ് നായകനായി എത്തിയ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനിയെ കണ്ടതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ