കേരളം

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം: സംഘ്പരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്ര ഐക്യമെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ലെന്നും പിണറായി പറഞ്ഞു. 

അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്കഇസ്രയേല്‍ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
സ്വന്തം മണ്ണില്‍ നിര്‍ഭയം ജീവിക്കാനുള്ള പലസ്തീന്‍ജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്ന ഇസ്രായേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെതായ ഇസ്രായേല്‍ കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല പലസ്തീന്‍ രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കുകകൂടിയാണ് സയണിസ്റ്റ് ലക്ഷ്യം. അത് തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ ജനത എക്കാലത്തും പലസ്തീന്‍ ചെറുത്തുനില്പിനെ പിന്തുണച്ചിട്ടുള്ളത്.

യുഎന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്രധാരണകളെയും കണക്കിലെടുക്കാതെ പലസ്തീന്‍ ജനതയ്ക്കു പൗരാവകാശങ്ങള്‍ നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു നിരന്തര ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന ഇസ്രയേലിന്റെ നയത്തെയാണ് ചേരിരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യ എന്നും എതിര്‍ക്കുന്നത്. ആ നിലപാടില്‍ നിന്ന് നരേന്ദ്ര മോഡി മലക്കം മറിഞ്ഞിരിക്കുന്നു.

ഇസ്രായേലി സൈന്യത്തിന്റെ തോക്കിന്‍മുനയ്ക്ക് മുന്നില്‍ ജീവിക്കുക, അല്ലെങ്കില്‍ പിറന്ന നാട് വിട്ടു പോവുക എന്ന കാടന്‍ നീതിയോടു ഐക്യപ്പെടാന്‍ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ്. മോഡി -നെതന്യാഹു സംയുക്ത പ്രസ്താവനയില്‍ പ്രകടമാകുന്ന ഐക്യം സംഘ്പരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള ഐക്യമാണ്. 

വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യം ആണത്.
അധിനിവേശരാഷ്ട്രമായ ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദര്‍ശനം ഇസ്രയേല്‍ വന്‍ ആഘോഷമാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയങ്ങള്‍ പരിഗണിക്കുന്ന വേളയില്‍ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണനല്‍കിയതിന്റെ തുടര്‍ച്ചയാണ് പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദര്‍ശിക്കാതെ മോഡി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവം. 

നാനാ മതങ്ങളില്‍ പെട്ടവര്‍ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ല.
സയണിസ്റ്റ് രാഷ്ട്രത്തിനും ക്രൂരതയ്ക്കും മാന്യത കല്‍പ്പിക്കാനുള്ള നീക്കം ആര്‍ എസ് എസിന്റെ വര്‍ഗീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ കാണാനാകൂ. 
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന മുന്‍നിര രാജ്യമായി ഇന്ന് ഇസ്രയേല്‍ മാറിയിരിക്കുന്നു. ആയുധവ്യാപാരത്തില്‍നിന്നുള്ള ലാഭം പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അധിനിവേശ ശക്തികള്‍ക്ക് നരമേധം നടത്താനുള്ള സഹായം നല്‍കുക എന്നത് അപകടകരമായ സൂചനയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളത്. ഈ പ്രവണതയ്‌ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു