കേരളം

രാമായണവും കര്‍ക്കിടകവും തമ്മിലെന്ത്? സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് ഡോ. ആസാദ് 

സമകാലിക മലയാളം ഡെസ്ക്

രാമായണ മാസാചരണംസമീപകാലത്ത് തുടങ്ങിയതാണെന്നും അത് സമുദായത്തെ ഒരുമിപ്പിക്കാനും അതുവഴി ഹിന്ദുത്വ അജണ്ട നടപ്പാക്കാനും ഹിന്ദുത്വ സംഘടകള്‍ തുടങ്ങിവെച്ചതുമാണെന്നും ഡോ. ആസാദ്. ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ ആത്മകഥയില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചന്റെ ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഡോ.ആസാദിന്റെ പോസ്റ്റ്: 


രാമായണവും കര്‍ക്കിടകവും തമ്മിലെന്ത്? 
***********************************************************************************
കര്‍ക്കിടക മാസം രാമായണമാസമായി ആചരിച്ചുതുടങ്ങിയതിന്റെ കഥ ബി ജെ പി നേതാവ് ഒ രാജഗോപാല്‍ തന്റെ ആത്മകഥ(ജീവിതാമൃതം)യില്‍ വിവരിക്കുന്നുണ്ട്. 1982ല്‍ എറണാകുളത്തുചേര്‍ന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ തമ്മിലടിച്ചുകൊണ്ടിരുന്ന ഹിന്ദുജനതയിലെ വ്യത്യസ്ത ജാതിക്കാര്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ ആചാരപരമായ ഒരു നടപടി എന്ന നിലയിലാണ് രാമായണ മാസാചരണം നിര്‍ദ്ദേശിക്കപ്പെട്ടത്. സമ്മേളനം അതംഗീകരിച്ചു. അങ്ങനെ അന്ന് എളിയ തോതിലാരംഭിച്ച രാമായണ മാസാചരണമാണ് ഇന്നൊരു ജനകീയോത്സവമായി വളര്‍ന്നിരിക്കുന്നതെന്ന് രാജഗോപാല്‍ അഭിമാനംകൊള്ളുന്നു(പുറം 140).

സമീപകാലംവരെ ഇല്ലാതിരുന്ന ഈ കര്‍ക്കിടകാചാരം ഇപ്പോള്‍ വ്യാപകമായിട്ടുണ്ടെന്നു പറയാതെവയ്യ. ഹിന്ദുത്വ അജണ്ടയാണ് നടപ്പാകുന്നതെന്ന് രാജഗോപാല്‍ തന്നെ വിശദീകരിക്കുകയാണല്ലോ. പടര്‍ന്നുകയറാന്‍ അത്രമേല്‍ പാകമായിരിക്കുന്നു അവര്‍ക്ക് കേരളവും. ഫ്യൂഡലിസത്തെ കുടഞ്ഞെറിഞ്ഞ സാമൂഹിക വിപ്ലവങ്ങളുടെ മണ്ണില്‍ പോരാളികളുടെ പിന്‍തലമുറപോലും ജീര്‍ണമായ ആചാരങ്ങളിലേക്കു വഴുതുകയാണ്. കുഴിച്ചുമൂടിയ അനുഷ്ഠാനങ്ങളും കാലഹരണപ്പെട്ട വിശ്വാസങ്ങളും തിരിച്ചെടുത്ത് പുതുകാലം മുന്‍ഗാമീകളെ നാണംകെടുത്തുന്നു.

രാമായണമെന്നല്ല മഹത്കൃതികളേതും വായിക്കേണ്ടതുതന്നെ. അന്ധഭക്തിയുടെ വിധേയ വായനകളല്ല, കൃതികളുമായുള്ള വിമര്‍ശനാത്മക സംവാദങ്ങളാണ് വളരേണ്ടത്. പുസ്തക പൂജയുടെ ഹിന്ദുത്വ അജണ്ട വെളിപ്പെട്ട സ്ഥിതിക്ക് കര്‍ക്കിടക വായനയുടെ വിശുദ്ധിയെക്കുറിച്ച് അധികം ആലോചിക്കേണ്ടതില്ല. മുമ്പില്ലാതിരുന്ന ഒരാചാരം തുടങ്ങിവെച്ചവര്‍ അതിലഭിമാനിക്കട്ടെ. മതാത്മക വായനക്കു നിര്‍ബന്ധിക്കുന്ന രാമായണം കത്തിച്ചുകളയണമെന്നും ജനാധിപത്യ സംവാദത്തിലേക്കു തുറക്കുന്ന രാമായണം വായിക്കണമെന്നും അരനൂറ്റാണ്ടുമുമ്പ് വാദിച്ചവരുണ്ട്.കേശവദേവ് അവരില്‍ ഒരാളായിരുന്നു.

ആ ചരിത്രവും പാരമ്പര്യവും കൈവിടാത്തവര്‍ക്ക് രാമായണം വായിക്കാന്‍ പ്രത്യേക കാലം ആവശ്യമില്ല. പൂജയുടെ അന്തരീക്ഷമോ പ്രതീകമോ സൃഷ്ടിക്കേണ്ടതുമില്ല. അതെല്ലാം ഹിന്ദുക്കളെ ഐക്യപ്പെടുത്തി കൂടെ നിര്‍ത്താന്‍ വെമ്പുന്നവര്‍ക്ക് വേണ്ടിവന്നേക്കാം. കര്‍ക്കിടകത്തെ രാമായണമാസമാക്കിയത് തങ്ങളാണെന്ന് ഓര്‍മിപ്പിച്ചതിന് രാജഗോപാലിന് നന്ദി. നമസ്‌ക്കാരം.
ആസാദ്
17 ജൂലായ് 2017

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്