കേരളം

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിഐയുടെ അസഭ്യവര്‍ഷം; മുഖ്യമന്ത്രിക്ക് പരാതി; ഉപദേശിക്കുകയാണ് ചെയ്തതെന്ന് സിഐ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കേസിന്റെ ഭാഗമായി വിളിച്ചുവരുത്തിയ കോളജ് വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് സിഐ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പരാതി. തൊടുപുഴ സിഐ ശ്രീമോനെതിരെ അല്‍ അസര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാനും യുവജന കമ്മീഷനും ഡിജിപ്പിക്കും ഇടുക്കി എസ്പിക്കും പരാതി നല്‍കിയിരിക്കുന്നത്. 

കോളജിന് സമീപം തങ്ങളെ ചില സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇതിന്റെ പേരില്‍ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നതായും കേസിന്റെ ഭാഗമായി പിന്നീട് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് തങ്ങളെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുകയും ചെയ്തതെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. അമല്‍ വി നായര്‍,ആകാശ് സാജു എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. 
തങ്ങള്‍ കോളജില്‍ കഞ്ചാവ് കൃഷി നടത്തുന്നവരാണെന്ന് സിഐ പറഞ്ഞതായും അച്ഛനേയും അമ്മയേയും തെറിവിളിച്ചതായും വിദ്യാര്‍ത്ഥികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

സിഐയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി

സാമൂഹ്യവിരുദ്ധരായ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മുമ്പും വിദ്യാര്‍ത്ഥികള്‍ക്കെതിരെ സിഐ ആക്രമണം നടത്തിയിട്ടുണ്ടെന്നും എസ്എഫ്‌ഐ തൊടുപുഴ ഏര്യ സെക്രട്ടറി ബാദുഷ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം സംഘടിചിപ്പിച്ചിരുന്നു. 

മുമ്പ് യുഡിഎഫ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രതിഷേധം നടത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിന് നേരെ തോക്കെടുത്തുവെന്ന പേരില്‍ കുപ്രസിദ്ധിയാജിര്‍ച്ച പൊലീസ് ഓഫീസറാണ് ശ്രീമോന്‍.അതിന് ശേഷം നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ ശ്രീമോനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസ് കൊടുത്തിരുന്നു. 

എന്നാല്‍ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും കേസില്‍ ജാമ്യമെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ സമകാലിക മലയാളത്തോട് പറഞഞു. കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു, പൊലീസ് രണ്ട് വിഭാഗത്തിനെതിരേയും കേസെടുത്തു, ജാമ്യം എടുക്കാന്‍ വന്ന കുട്ടികളെ നന്നാകാന്‍ വേണ്ടി ഉപദേശിക്കുക മാത്രമാണ് ചെയ്തത്. സിഐ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്