കേരളം

വീഞ്ഞുത്പാദനം 900% വര്‍ധിപ്പിക്കാന്‍ ലത്തീന്‍ സഭ, അപേക്ഷ എക്‌സൈസ് വകുപ്പ് മടക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രതിവര്‍ഷ വൈന്‍ ഉത്പാദനം 900 ശതമാനം വര്‍ധിപ്പിക്കുന്നതിന് അനുമതി തേടിയുളള ലത്തീന്‍ കത്തോലിക്കാ സഭയുടെ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ മടക്കി. വൈന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ആവശ്യം വൈദികരുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് ആനുപാതികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മടക്കിയത്.

കുര്‍ബാനയ്ക്കായി പ്രതിവര്‍ഷം 250 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് നിലവില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയ്ക്ക് അനുമതിയുള്ളത്. ഇത് 2500 ലിറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യം എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയത്. വൈദികരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അതിന് അനുസരിച്ച് കുര്‍ബാനയ്ക്കുള്ള വീഞ്ഞിന്റെ ആവശ്യവും കൂടിയിട്ടിട്ടുണ്ടെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ ഇത് ആനുപാതികമല്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നുമാണ് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ അപേക്ഷ മടക്കിക്കൊണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സഭ മറുപടി നല്‍കിയിട്ടില്ല.

വൈദികരുടെ എണ്ണത്തില്‍ എഴുപത്തിയേഴു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് സഭയുടെ അപേക്ഷയില്‍ നിന്നു തന്നെ വ്യക്തമാണെന്ന് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വൈന്‍ ഉത്പാദനത്തില്‍ 900 ശതമാനം വര്‍ധനയാണ് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആനുപാതികമല്ലെന്നാണ് വകുപ്പിന്റെ അഭിപ്രായം.

സംസ്ഥാനത്ത് മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കെസിബിസിയുടെ പ്രസിഡന്റ് ആണ് ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യം. കെസിബിസി പ്രസിഡന്റ് തന്നെ ഇത്തരത്തില്‍ അധിക വൈന്‍ ഉത്പാദനത്തിനായി സര്‍ക്കാരിനെ സമീപിക്കുന്നതു ചൂണ്ടിക്കാട്ടി, മദ്യലഭ്യതക്കായി വാദിക്കുന്നവര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സഭ വൈന്‍ ഉപയോഗിക്കുന്നത് ആരാധനാ ആവശ്യത്തിനാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മദ്യലഭ്യതയുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടത് ഇല്ലെന്നുമാണ് സഭാ വക്താവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി