കേരളം

പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പ് സമരത്തില്‍ മതത്തിന്റെ മറവിലെ തീവ്രവാദികളും രാഷ്ട്രീയതീവ്രവാദികളും നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഫലമായാണ് ഹൈക്കോടതിയുടെ പരിസരത്തും വൈപ്പിനിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സമരത്തിനു പിന്നില്‍ തീവ്രവാദികളുണ്ടെന്ന പൊലീസ് വാദം ആവര്‍ത്തിച്ച് കോടിയേരി രംഗത്തുവന്നത്. തെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

പുതുവൈപ്പിലെ ഐഒസി പ്‌ളാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ 2010ല്‍ നല്‍കിയ പാരിസ്ഥിതിക അനുമതിക്ക് അനുസൃതമായാണോ പ്‌ളാന്റിന്റെ നിര്‍മാണം നടക്കുന്നതെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധന പൂര്‍ത്തിയാക്കുംവരെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഐഒസി സമ്മതിക്കുകയും ചെയ്തു. ഇതുപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തെതുടര്‍ന്ന് സമരം നിര്‍ത്താനും സമരസമിതി സമ്മതിച്ചത് വിവേകപൂര്‍ണമായ നടപടിയാണ്. പദ്ധതി ഉപേക്ഷിക്കില്ല, നാട്ടുകാരുടെ ആശങ്ക അകറ്റും എന്ന സര്‍ക്കാര്‍നിലപാടിനോട് കേരളം പൊതുവില്‍ യോജിക്കും. നാടിനുവേണ്ട വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കേണ്ട ചുമതലയാണ് സര്‍ക്കാരിനുള്ളത്. പുതുവൈപ്പില്‍ ഐഒസിയുടെ പ്‌ളാന്റ് സ്ഥാപിക്കുന്നതിന് ഹൈക്കോടതിയും ഹരിത ട്രിബ്യൂണലുമൊക്കെ അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ ഈ അനുമതികളെ ചോദ്യംചെയ്തിട്ടില്ല. ടെര്‍മിനലിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് ഇടപെടണമെന്നും ഹൈക്കോടതിതന്നെ നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്തുതന്നെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷാസംവിധാനമാണ് ഇവിടത്തെ പ്‌ളാന്റിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ വാതകച്ചോര്‍ച്ച ഉണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞ് പൈപ്പുകള്‍ അടയുന്ന സംവിധാനവും ഉണ്ടാകും. എന്നാല്‍, നാട്ടില്‍ ഭീതിപരത്തി കലാപവും കുഴപ്പവും ഉണ്ടാക്കാന്‍ ചില മതത്തിന്റെ മറവിലെ തീവ്രവാദികളും രാഷ്ട്രീയതീവ്രവാദികളും നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് ഹൈക്കോടതിയുടെ പരിസരത്തും വൈപ്പിനിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഇതിന്റെ മറവില്‍ എല്‍ഡിഎഫിന്റെ പൊലീസ്‌നയത്തെ കരിതേക്കുന്നതിനുവേണ്ടി നടത്തുന്ന പ്രചാരണങ്ങള്‍ ആശാസ്യമല്ല. ഒരു നാടിന്റെ വികസനമോ പരിവര്‍ത്തനമോ ഒരു സുപ്രഭാതത്തില്‍ പൊട്ടിവീഴുന്നതല്ല. അതിനുപിന്നില്‍ നിരവധി പ്രക്രിയകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി സംവിധാനങ്ങളുടെ പരിശോധനയുണ്ട്്. പുതുവൈപ്പില്‍ പുതിയ പ്‌ളാന്റ് വന്നാല്‍ പ്രകൃതിവാതകവുമായി കേരളത്തില്‍ തലങ്ങും വിലങ്ങും  ടാങ്കര്‍ലോറി ഓടുന്ന പതിവുകാഴ്ചകള്‍ക്ക് കുറവുണ്ടാകും. 300 മുതല്‍ 500വരെ ടാങ്കര്‍ലോറികള്‍ പ്രകൃതിവാതകവുമായി നമ്മുടെ റോഡില്‍ ഇറങ്ങുന്നുണ്ട്. പ്‌ളാന്റ് വന്നാല്‍ ഓട്ടം നഷ്ടപ്പെടുന്ന ടാങ്കര്‍ലോറി ലോബിയും പ്‌ളാന്റുവിരുദ്ധ സമരത്തിന് ജനങ്ങളെ കുത്തിയിളക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. വികസനപദ്ധതികളെ സ്തംഭിപ്പിക്കുന്നതരത്തില്‍ ജനങ്ങളെ ഇളക്കിവിടുന്ന ദുഷ്ടശക്തികള്‍ക്കെതിരെ നാടിനെ ഉണര്‍ത്തണം. അതിന് കക്ഷിരാഷ്ട്രീയ ജാതിമത പരിഗണനകള്‍ക്ക് അതീതമായ യോജിപ്പ് വളര്‍ത്തണം. എന്നാല്‍, വൈപ്പിനിലെ വിഷയത്തിലടക്കം കോണ്‍ഗ്രസ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന നയമാണ് സ്വീകരിച്ചതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്