കേരളം

ചിത്രം തെളിഞ്ഞു:  മലപ്പുറത്ത് അത്ഭുതം സംഭവിക്കുമോ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയും, സിപിഎം സ്ഥാനാര്‍ത്ഥിയായി അഡ്വ. എംബി ഫൈസലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശ്രീ പ്രകാശുമാണ്. തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുകയാണ് ലീഗ് ലക്ഷ്യമിടുന്നതെങ്കില്‍ മണ്ഡലം ചുവപ്പിക്കുക എന്ന ദൗത്യമാണ് സിപിഎം ഏറ്റെടുക്കന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. ശ്രീപ്രകാശാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. 

പികെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലൂടെ ലീഗ് ഒരു പടി മുന്നേറിയെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥിയായി എംബി ഫൈസല്‍ എത്തിയതോടെ ലീഗ്  വിയര്‍ക്കേണ്ടി വരുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ശ്രീപ്രകാശ് തന്നെ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ ഹിന്ദുവോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 

ലീഗിനെ സംബന്ധിച്ചിടത്തോളം ഉറച്ച മണ്ഡലമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് 1, 94, 739 ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. അന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റിയംഗമായ പികെ സൈനബയ്‌ക്കെതിരെയായിരുന്നു അഹമ്മദിന്റെ വിജയം. അന്ന് സൈനബയ്ക്ക് ലഭിക്കാത്ത വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കില്ലെന്നും ലീഗ് കരുതുന്നു. എന്നാല്‍ ലീഗ് പ്രതീക്ഷിക്കുന്നതുപോലെയാവില്ലെ കാര്യങ്ങള്‍. കാരണം മലപ്പുറത്ത് പലയിടുത്തും ഇടത്ചായ്‌വ് പ്രകടമാണ്. കഴിഞ്ഞ കാല തദ്ദേശ തെരഞ്ഞെടുപ്പുകള്‍ അത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

ബിജെപിക്കെതിരെ ലീഗ് സ്വീകരിക്കുന്ന മൃദു സമീപനം ലീഗ് അണികളില്‍ കാര്യമായി എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പലപ്പോഴും മലപ്പുറത്ത് നിന്ന് മാറി മറ്റ് മണ്ഡലങ്ങളില്‍ ജയിച്ച ലീഗിലെ പ്രമുഖരെ  വിജയിപ്പിച്ചത് ഈ മൃദുസമീപനത്തിന്റെ ഭാഗം തന്നെയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ് പരിചയസമ്പന്നനും ലീഗിന്റെ മുഖവുമായ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ലീഗ് നിര്‍ബന്ധം പിടിച്ചതും. കൂടാതെ ബിജെപിയെ പ്രതിരോധിക്കാന്‍ ലീഗിന് പരിമിതികളുണ്ടെന്ന് വിലയിരുത്തലും സിപിഎമ്മിന് ഗുണകരമായേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത്. പെരിന്തല്‍മണ്ണയും മങ്കടയും കുറഞ്ഞ വോട്ടിന്റെ വ്യത്യാസത്തിലാണ്‌ എല്‍ഡിഎഫിന് നഷ്ടമായതും. 

ഇ അഹമ്മദിന്റെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയ്‌ക്കെതിരെ വേണ്ട രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ലീഗിന് കഴിഞ്ഞില്ല. മാത്രമല്ല മരണവുമായി ബന്ധപ്പെട്ട് മകളുയുര്‍ത്തിയ പ്രതിഷേധം പോലും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇടത് എംപിമാര്‍ ലീഗ് നേതാക്കളുടെ അഭിനന്ദത്തിന് പാത്രമായതും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സഹായകമായേക്കും. 

ദേശീയ നേതൃത്വത്തിലേക്ക് പോകാന്‍ താത്പര്യമുണ്ടെന്നറിയിച്ച് കുഞ്ഞാലിക്കുട്ടി നേരത്തെതന്നെ രംഗത്തെത്തിയത് മലപ്പുറം സീറ്റ് ഉറപ്പിച്ചായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായി പാളയത്തില്‍ തന്നെ പടയുണ്ടായെന്നതാണ് വാസ്തവം. സ്ഥാനാര്‍ത്ഥിയാകാനുള്ള താത്പര്യം കെഎന്‍എ ഖാദര്‍ മറച്ചുവെച്ചതുമില്ല. ബാപ്പയുടെ ഒഴിവില്‍ വന്ന സീറ്റില്‍ പരിഗണിക്കുമെന്ന് ഒരുമാത്രയില്‍ മകളും പ്രതീക്ഷിച്ചു. സ്ഥാനാര്‍ത്ഥിയെ ഐകകണ്ഠ്യനേയാണ് തെരഞ്ഞെടുത്തതെന്ന് ലീഗ് നേതൃത്വം ആണയിട്ട് പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതകള്‍ അവസാനിച്ചിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്.

അതസമയം പരിചയസമ്പന്നനായ കുഞ്ഞാലിക്കുട്ടിക്കെതിരെ യുവരക്തം വരുന്നതോടെ മണ്ഡലത്തില്‍ കാര്യങ്ങള്‍ മാറിമറയുമെന്നാണ് ഇടതുപ്രതീക്ഷ. ജില്ലാ പഞ്ചായത്തംഗമായ ഫൈസല്‍ ഇതിനകം തന്നെ എല്ലാവര്‍ക്കും
സുപരിചിതനാണ്. ഉപതെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ സമരമെന്ന നിലയിലാണ് ഇടതു പ്രചാരണം. രാജ്യത്തെ ബിജെപിയുടെ വളര്‍ച്ചയുണ്ടാക്കുന്ന ധ്രുവീകരണം തന്നെയാകും തെരഞ്ഞെടുപ്പ് ചര്‍ച്ച. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയവും വോട്ടര്‍മാരെ മാറി ചിന്തിക്കാന്‍ ഇടയാക്കിയേക്കും.

ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന പ്രചാരണം വന്നതും ലീഗിനാണ് തലവേദന സൃഷ്ടിക്കുക. മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പണമോ ആളോ ഇല്ലെന്ന കുമ്മനം രാജശേഖരന്റെ അഭിപ്രായം ഇതിനകം തന്നെ കോലീബി സഖ്യ സാധ്യതയാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ബിജെപിയിലെ വിഭാഗിയതയും കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയും ഇത്തവണ ബിജെപി വോട്ട് കുറയ്ക്കുമെന്നും ഇടതുപക്ഷം ആരോപിക്കുന്നു.

കനത്ത വേനല്‍ ചൂടിനെ ഒട്ടും കുറയ്ക്കില്ല മലപ്പുറത്തെ ഈ തെരഞ്ഞെടുപ്പ് ചൂടും. ചിത്രം തെളിഞ്ഞതോടെ മത്സരം തീപാറുമെന്ന് ഉറപ്പായി. ഇടതുപാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചുമതല കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവനും എളമരം കരീമിനുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി