കേരളം

ഇളയരാജ ഉള്‍പ്പെടെയുള്ളവര്‍ എസ്.പി.ബിയുടേയും ജാനകിയമ്മയുടേയും വീടുകള്‍ക്ക് മുന്നില്‍ ഹാര്‍മോണിയ പെട്ടിയുമായി നിന്നവരല്ലേ? ജി വേണുഗോപാല്‍ 

വിഷ്ണു എസ് വിജയന്‍

താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇനിമേലില്‍ സ്റ്റേജ് ഷോകളില്‍ പാടരുത് എന്ന് സംഗീത സംവിധായകന്‍ ഇളയരാജ പിന്നണി ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇക്കാര്യത്തിന്റെ നിയമ സാധ്യകളെ പറ്റിയും വസ്തുതകളെ പറ്റിയും പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ സമകാലിക മലയാളത്തിനോട് പ്രതികരിക്കുന്നു. 


ഇളയരാജയുടെ നടപടിയോട് ഞാനുള്‍പ്പെടെയുള്ള ഒരുപാട്‌പേര്‍ എതിരാണ്. നിയമപരമായി ഇക്കാര്യം നിലനില്‍ക്കാന്‍ പോകുന്നില്ല. രണ്ടാമത്തെ കാര്യം വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാനും രാജാ സാറും എസ്പി.ബിയും ഒക്കെ ഉള്‍പ്പെടുന്ന വലിയ സംഗീതലോകം എങ്ങനെയാണ് ഇവിടെ വളര്‍ന്നു വന്നത് എന്നതിനെപ്പറ്റി ആരും വിസ്മരിച്ചു പോകരുത്. ആകാശവാണി എന്ന മാധ്യമത്തിലൂടെയും സിനിമ എന്ന മാധ്യമത്തിലൂടെയും കേട്ടിരുന്ന ഗാനങ്ങള്‍ ഉള്ളില്‍ കൊണ്ടുനടന്ന് പാടി അവസരങ്ങള്‍ തേടിപിടിച്ചാണ് എല്ലാവരും ഈ നിലയിലേക്ക് വന്നത്. അതൊക്കെ സൗജന്യമായിട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഏതാനും ചില മാമുലുകല്‍ കൊണ്ട് നിയമത്തിന്റേതായ ചട്ടക്കൂടുകള്‍ തീര്‍ത്തിരിക്കുകയാണ്. ഇതൊരു ഭീഷണിക്കപ്പുറത്തേക്ക് നിയമ സാധുത ലഭിക്കുന്ന ഒരു കരാറായി ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല എന്ന് വ്യക്തമായി പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. 

ത്യാഗരാജ സ്വാമികളോ ശ്യാമ ശാസ്ത്രികളോ ഒക്കെ തങ്ങളുടെ കീര്‍ത്തനങ്ങള്‍ പഠിക്കണമെങ്കിലോ പാടണമെങ്കിലോ ഇത്ര തുക ഇനാം കെട്ടി വെക്കണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു എങ്കില്‍ ഇന്നിത്രയും സംഗീതജ്ഞരോ പാട്ടുകാരോ ഇവിടെ ഉണ്ടാകുമായിരുന്നോ? ഇളയരാജ ഉള്‍പ്പെടെയുള്ള സംഗീത സംവിധായകര്‍ ആദ്യകാലത്ത് എസ്.പി.ബിയുടേയും ജാനകിയുടേയും വീടിന്റെ മുന്നില്‍ ഹാര്‍മോണിയ പെട്ടിയുമായി പോയി നിന്ന് അവരുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് അവരുടെ ശബ്ദത്തിലൂടെയല്ലേ പ്രസിദ്ധരായത്? ഇതൊരു വലിയ കൂട്ടായ്മയാണ്‌. സിനിമയില്‍ സംഗീത സംവിധായകന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഇതിനകത്ത് ഒരുപാട് അണിയറ പ്രവര്‍ത്തകരുണ്ട്. സംവിധായകനുണ്ട്,ക്യാമറമാനുണ്ട്. സംഗീതത്തിന് പിന്നണി വായിക്കുന്നവരുണ്ട്. 

മുമ്പ് പാട്ടിന്റെ അവകാശം സിനിമയുടെ സംഗീത സംവിധായകനും എഴുത്തുകാരനും പ്രൊഡ്യൂസറിനും അതായത് ഫോണോഗ്രാഫിക് റെക്കോര്‍ഡ് ഓണ്‍ ചെയ്യുന്ന ആള്‍ക്കും ആയിരുന്നു 50 ശതമാനം പ്രൊഡ്യൂസറിന് 25 വീതം എഴുത്തുകാര്‍ക്കും സംഗീത സംവിധായകര്‍ക്കും. അങ്ങനെയായിരുന്നു 2012 വരെ. 2012 ജൂണ്‍ മുതല്‍ ആ പട്ടികയിലേക്ക് ഗായകരെക്കൂടി ചേര്‍ത്തിട്ടുണ്ട്. അതിന്റെ റോയല്‍റ്റി പിരിക്കാന്‍ വേണ്ടി ഒരു സംഘടന നിലവിവില്‍ വന്നു കഴിഞ്ഞു. അഞ്ചു വര്‍ഷങ്ങളായി ഇഫ്‌റ എന്ന സംഘടന പ്രവര്‍ത്തിച്ചു തുടങ്ങിട്ട്.അപ്പോള്‍ അങ്ങനെ നോക്കുമ്പോള്‍ ഇത് വെറുമൊരു ഭീഷണി മാത്രമാണ്. ഇത് ഇങ്ങനെ തന്നെ അവസാനിക്കുകയും ചെയ്യും. എസ്.പിബിയും ചിത്രയും ഇനിയും ഇളയരാജയുടെ പാട്ടുകള്‍ പാടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം...

ചില സംഗീത സംവിധായകര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടാകാറുണ്ട്. സംഗീത ലോകത്ത് തങ്ങളാണ് എല്ലാം എന്ന തരത്തില്‍. തങ്ങളാണ് പാട്ടിന്റെ മുഴുവന്‍ അധികാരികളും എന്ന തോന്നലുണ്ട്. ഇവരുടെ കൂടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്ക് ഒരു ഗാനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ?ഇളയരാജയോ മറ്റു സംഗീത സംവിധായകരോ ഈ പാട്ടുകള്‍ പാടിയിരുന്നെങ്കില്‍ ഈ പാട്ടുകള്‍ പ്രശസ്തമാകുമായിരുന്നോ? മുഹമ്മദ് റാഫിയുടേയും ലതാ മങ്കേഷ്‌കറിന്റേയും മുകേഷിന്റേയും പേരുകള്‍ എന്തുകൊണ്ടാണ് എപ്പോഴും ജനങ്ങളുടെ മനസ്സില്‍ നില്‍ക്കുന്നത്? ആര്‍ക്കാണ് പാട്ടിന്റെ അവകാശം ജനങ്ങളുടെ ഉള്ളില്‍ ഉള്ളത്? അത് ഗായകരുടെ പേരിലല്ലേ? അതുകൊണ്ട് ഇതൊരു ഉണ്ടയില്ലാ വെടിയായി കണക്കാക്കിയാല്‍ മതിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്