കേരളം

ക്രിസ്തുവിന്റെ ശിഷ്യരില്‍ പുരുഷന്മാര്‍ മാത്രം, പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതില്ലെന്ന് മാര്‍ ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെസഹാ വ്യാഴാഴ്ചയിലെ കാല്‍ കഴുകല്‍ കര്‍മത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരാധനാ സമൂഹത്തിനു വിശദീകരിച്ചുകൊടുക്കുന്നതിനായി ഇറക്കിയ സര്‍ക്കുലറിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. 2016 ജനുവരി 6ന് മാര്‍പാപ്പ പരമ്പരാഗതമായി ആചരിച്ചുപോന്ന കാലുകഴുകല്‍ ശുശ്രൂഷയില്‍ പുതിയ രീതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതനുസരിച്ചു കാലുകഴുകല്‍ കര്‍മ്മത്തില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, പ്രായമായവര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, ബ്രദേഴ്‌സ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കണം. ആരാധനാക്രമത്തില്‍ വരുത്തിയ ഈ പരിഷ്‌ക്കരണത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളും ചര്‍ച്ചകളും വന്ന സാഹചര്യത്തില്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോടു വിശദീകരണം ചോദിച്ചപ്പോള്‍ പുതിയ നിര്‍ദേശം ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നാണ മറുപടി ലഭിച്ചതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു. 

കാലുകഴുകല്‍ ശുശ്രൂഷയ്ക്കു ഈശോയുടെ പൗരോഹിത്യവുമായി ബന്ധമുണ്ടെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ഈശോയാണു നിത്യപുരോഹിതന്‍. തന്റെ പൗരോഹിത്യപങ്കാളിത്തം ഈശോ പന്ത്രണ്ടു ശിഷ്യന്മാര്‍ക്കാണു നല്‍കുന്നത്. സഭയില്‍ ശുശ്രൂഷാപൗരോഹിത്യമെന്നത് അപ്പസ്‌തോലപൗരോഹിത്യമാണ്. ഇതു പന്ത്രണ്ടുപേരിലൂടെയും അവരുടെ പിന്‍ഗാമികളിലൂടെയും സഭയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അന്ത്യത്താഴവേളയില്‍ നടന്ന കാലുകഴുകല്‍ കര്‍മത്തില്‍ പുരുഷന്മാരായ പന്ത്രണ്ടു അപ്പസ്‌തോലന്മാരാണ് ഉണ്ടായിരുന്നത്. കാലുകഴുകല്‍ കര്‍മത്തിനു ശേഷം വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈശോ 'ഇതെന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍' എന്നു പറഞ്ഞു രക്ഷാകരശുശ്രൂഷയുടെ അടയാളവും മാതൃകയുമായ ഈ കര്‍മങ്ങള്‍ അവരെ ഭരമേല്‍പിക്കുകയാണ്. ആ കല്‍പനയ്ക്കു വ്യത്യാസം വരുത്താതെ പൗരസ്ത്യസഭകള്‍ ഇന്നും പന്ത്രണ്ടു പുരുഷന്മാരുടെ അഥവാ ആണ്‍കുട്ടികളുടെ കാലുകള്‍ കഴുകുന്ന പാരമ്പര്യം തുടര്‍ന്നു പോരുന്നതായി സര്‍ക്കുലര്‍ പറയുന്നു. 

ഭാരതത്തിലെ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരുമായ മാര്‍ത്തോമാപാരമ്പര്യമുള്ള മറ്റു സഭകളും ശ്ലീഹന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍ പന്ത്രണ്ടു പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാലുകഴുകുന്ന രീതിയാണ് അവലംബിച്ചു പോരുന്നത്. പൗരസ്ത്യസഭകള്‍ അവയുടെ പാരമ്പര്യം കാലുകഴുകല്‍ ശുശ്രൂഷയില്‍ നിലനിര്‍ത്തുന്നതുപോലെ ഇന്നത്തെ അജപാലനപരവും സാസ്‌കാരികവുമായ സാഹചര്യത്തില്‍ ആ പൗരസ്ത്യപാരമ്പര്യം നിലനിര്‍ത്താനാണു സീറോ മലബാര്‍ സഭയും ആഗ്രഹിക്കുന്നതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ