കേരളം

ഗെയില്‍ വിരുദ്ധ സമരം : വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഗെയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യവസായമന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. കോഴിക്കോട് കളക്ടറേറ്റില്‍ വൈകീട്ട് നാലു മണിക്കാണ് യോഗം. സമരസമിതിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ മുക്കത്തെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. 

സമരസമിതിയെ പ്രതിനിധീകരിച്ച് കണ്‍വീനര്‍ അബ്ദുള്‍ കരീം, രക്ഷാധികാരി ജി അക്ബര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. മന്ത്രിമാരായ എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍, എംപിമാരായ എംഐ ഷാനവാസ്, എംകെ രാഘവന്‍, എംഎല്‍എമാരായ ജോര്‍ജ്ജ് എം തോമസ്, കാരാട്ട് റസാഖ്, പുരുഷന്‍ കടലുണ്ടി, കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ്, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിജേഷ് അരവിന്ദ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സിപി ചെറിയ മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. 

ആദ്യം ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും മാത്രം ചര്‍ച്ചയ്ക്കു വിളിക്കാനായിരുന്നു തീരുമാനം. പിന്നീട് സമരസമിതിയെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. ജനവാസ മേഖലയില്‍ നിന്ന് പദ്ധതി മാറ്റണമെന്നും ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരസമിതി യോഗത്തില്‍ ആവശ്യപ്പെടും. പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് വിപണി വില അനുസരിച്ചുളള നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയരും. 

എന്നാല്‍ വിജ്ഞാപനമിറങ്ങുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൈപ്പ് ലൈനിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും. അതേസമയം നഷ്ടപരിഹാരം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധവും ആശങ്കയും ദുരീകരിക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. മുഖ്യമന്ത്രിയുടെ കടുത്ത നിലപാടും സിപിഎമ്മിന്റെ ഏഴാം നൂറ്റാണ്ട് പരാമര്‍ശവും മന്ത്രി കെ.ടി ജലീലിന്റെ പരിഹാസവുമെല്ലാം യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചേക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും