കൊച്ചി: ക്ഷേത്ര ഭരണത്തെച്ചൊല്ലി സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നുള്ള പാരവയ്പ് വഴിപാടു രസീതിന്റെ രൂപത്തിലും. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പേരില്‍ പ്രചരിക്കുന്ന വഴിപാടു രശീതിയില്‍ നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ, കമ്മിയെന്നും.
കുന്നന്താനത്താണ് ക്ഷേത്ര ഭരണത്തെച്ചൊല്ലി സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള പോര് കനക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇവിടെ ക്ഷേത്രത്തിനു മുകളില്‍ സിപിഎമ്മിന്റെ കൊടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ആര്‍എസ്എസ് സിപിഎമ്മിനെ വിമര്‍ശിച്ചു രംഗത്തുവരികയും ചെയ്തു. എന്നാല്‍ അമ്പലത്തില്‍ കൊടി കെട്ടുന്നത് സിപിഎമ്മിന്റെ നയമല്ലെന്നും ഭക്തരെ പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ ആര്‍എസ്എസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇതെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൊഴുക്കുന്നതിനിടയിലാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ വഴിപാടു രശീതി പ്രത്യക്ഷപ്പെട്ടത്. നവമാധ്യമങ്ങളിലൂടെയാണ് ഇതു പ്രചരിക്കുന്നത്.
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ അഷ്ടോത്തരാര്‍ച്ചന നടത്തിയതിന്റെയാണ് രശീതി. കമ്മി എന്നാണ് ഇതില്‍ നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരിലും ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തുവന്നിട്ടുണ്ട്. സിപിഎം തന്നെയാണ് അര്‍ച്ചന നടത്തിയതെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പക്ഷം. എന്നാല്‍ നിരന്തരമായി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളാണ് പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി നേതൃത്വം സ്വീകരിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അര്‍ച്ചനയുടെ രശീതിയെന്നും സിപിഎം പറയുന്നു.
വാദപ്രതിവാദങ്ങളും ബലാബലവും തുടരുന്നതിനിടെ അടുത്ത തന്ത്രമെന്തെന്ന ആകാംക്ഷയിലാണ് പ്രദേശവാസികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ