കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട്  മന്ത്രിസഭ പരിഗണിച്ചില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്  മന്ത്രിസഭായോഗം പരിഗണിച്ചില്ല. ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി. എന്നാല്‍ ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും, മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കട്ടെയെന്നും മന്ത്രിസഭ വിലയിരുത്തി. 

വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച നടത്തുന്നത് വിവാദങ്ങളിലേക്ക് നയിക്കുമെന്നും മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നു. അതിനാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്നും മന്ത്രിസഭായോഗം വിലയിരുത്തി. റവന്യൂമന്ത്രിയും കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചില്ല. 

തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും, നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. തോമസ് ചാണ്ടിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും ശക്തമായ നടപടിയെടുക്കണമെന്നും റവന്യൂമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുന്‍ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യൂമന്ത്രി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തോമസ് ചാണ്ടി വിഷയത്തില്‍ റവന്യൂമന്ത്രി ഏകപക്ഷീയമായി നടപടി സ്വീകരിക്കേണ്ടെന്നും, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും സിപിഐ നേതൃത്വവും റവന്യൂമന്ത്രിയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാകും തോമസ് ചാണ്ടിയുടെ നിലപാട്. കൂടാതെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ, നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ കേസുള്ളപ്പോള്‍ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കൈയേറ്റം സംബന്ധിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. 

തോമസ് ചാണ്ടിയുടെ ആരോപണ വിധേയമായ കെട്ടിടങ്ങളുടെ രേഖകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയും ലേക് പാലസ് റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴുദിവസത്തിനകം മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍, അത് അനധികൃത കെട്ടിടമായി കണക്കാക്കി പൊളിച്ചുകളയുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍ നിന്നും ഈടാക്കുമെന്നും ആലപ്പുഴ നഗരസഭാ സെക്രട്ടറി നല്‍കിയ നോട്ടീസില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം