കേരളം

സമരങ്ങള്‍, അത് തുടരുകതന്നെ ചെയ്യും; ഈ മാഗസിന്‍ നിറയെ സമരങ്ങളാണ്

വിഷ്ണു എസ് വിജയന്‍

'ഈ പുസ്തകം നിറയെ പരാജയപ്പെട്ട സമരങ്ങളുടെ മുറവിളികളാണ്. ഞങ്ങള്‍, ആരും കേള്‍ക്കാതെ പോയ ഇന്‍ക്വിലാബുകള്‍ക്കും നിലവിളികള്‍ക്കുമൊപ്പമാണ്, ആ ഒരര്‍ത്ഥത്തില്‍ ഞങ്ങളും പരാജിതരാണ്. പക്ഷേ സമരങ്ങള്‍,അത് തുടരുകതന്നെ ചെയ്യും'. 

റണാകുളം മഹാരാജാസ് ഗവണ്‍മെന്റ് ലോ കോളജിലെ ഈവര്‍ഷത്തെ കോളജ് മാഗസിന്‍ അവസനാനിക്കുന്നത് ഈ വാക്കുകളോടെയാണ്. ഒരു പുസ്തകം മുഴുവന്‍ സമരം, സമരങ്ങളോടുള്ള ഐക്യപ്പെടലുകള്‍, സമരം ചെയ്തവരുടെ, സമരം തുടരുന്നവരുടെ, സമരം ചെയ്യാന്‍ പോകുന്നവരുടെ ജീവിതങ്ങള്‍, കഥകള്‍,ഓര്‍മ്മപ്പെടുത്തലുകള്‍.അതാണ് സമരം എന്ന ക്യാമ്പസ് മാഗസിന്‍. 

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്നും സമരങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി നിലപാടെടുക്കുമ്പോള്‍ ഇവിടെയൊരു കലാലയം അവരുടെ കോളജ് മാഗസിന് പേരിട്ടിരിക്കുന്നത് തന്നെ സമരം എന്നാണ്. 

എം.കെ സാനുവിന്റെ അവതാരികയോടുകൂടി ആരംഭിക്കുന്ന മാഗസിന്റെ ഓരോ പേജും സമരമാണ്. സ്വാശ്രയ കോളജ് ഇടിമുറികളോട്,കലാലയങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കോടതി  വിധികളോട്, മതതീവ്രവാദത്തിനോട്,  ഫാസിസത്തിനോട്,ഭരണകൂട ഭീകരതയോട്,സ്ത്രീവിരുദ്ധ സമൂഹത്തിനോട് എല്ലാം ക്യാമ്പസ് മാഗസിന്റെ ഓരോ പേജും സമരസപ്പടാതെ സമരം ചെയ്യുന്നു,സമരം ചെയ്യാന്‍ ആവശ്യപ്പെടുന്നു. 

വ്യത്യസ്ത അഭിരുചിയുള്ളവരെ ഒറ്റവട്ടത്തില്‍ പൂട്ടിയിടുന്ന അക്കാദമിക് ഹിസ്റ്റീരിയ ബാധിച്ച കലാലയ സമ്പ്രദായങ്ങള്‍ക്കെതിരെ ചുമര്‍ ചിത്രങ്ങളുയരുമെന്നും ഇന്‍ക്വിലാബുകള്‍ മുഴങ്ങുമെന്നും അക്ഷരങ്ങള്‍ ഗര്‍ജ്ജിച്ചുകൊണ്ടേയിരിക്കുമെന്നും മാഗസിന്‍ പറയുന്നു 

'സമരം' എഡിറ്റോറിയല്‍ ടീം
 

മാഗസിന്‍ ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ പേരിനെക്കുറിച്ചും തീമിനെക്കുറിച്ചും അധികം ചര്‍ച്ചകള്‍ ഒന്നും നടത്തേണ്ടിവന്നില്ല. പേരും തീമും സമരം എന്നുതന്നെ മതിയെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. മാഗസിന്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് ബി എ ക്രിമിനോളജി വിഷയത്തിന് അംഗീകരം ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്ന  വിദ്യാര്‍ത്ഥി സമരം ശക്തിപ്രാപിച്ചു നിന്ന സമയത്തായിരുന്നു. കോഴ്‌സ് അംഗീകാരം നേടിയെടുക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ ഇരുപത്തിയഞ്ച് ദിവസം പട്ടിണി കിടന്ന സമരം. അതുമുന്നില്‍ വലിയ മാതൃകയായുള്ളപ്പോള്‍ മാഗസിന്റെ തീമിനുവേണ്ടി അധികം ചിന്തിക്കേണ്ടി വന്നില്ല. സമരമാണ് വിഷയമാകേണ്ടത്, അതാണ് കലാലയയവും കാലവും ആവശ്യപ്പെടുന്ന വിഷയം എന്ന് മനസ്സിലാക്കുകയായിരുന്നു. മാഗസിന്റെ ഏതെങ്കിലും ഒരു ചെറുകോണില്‍ പൈങ്കിളി കവിതകള്‍ക്കൊപ്പം നാല് വരി കവിതയായി ഒതുങ്ങിപ്പോകേണ്ടതല്ല സമരം. സമരസപ്പെടാത്ത ജീവിതങ്ങളോട് ഐക്യപ്പെടേണ്ടത് കാലം ആവശ്യപ്പെടുന്ന ബാധ്യതയാണ്,അതാണ് ചെയ്തത്, മാഗസിന്‍ എഡിറ്റര്‍ ആദില്‍ പറയുന്നു. 

കോളജില്‍ സമരം നടത്തിയ ആതേ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കോഴ്‌സിന് വേണ്ടി എല്ലാ നീക്കങ്ങളും നടത്തിയത്. കോളജ് അധികൃതര്‍ ഒരുതരത്തിലുള്ള നീക്കവും നടത്തിയിട്ടില്ല. അതുകഴിഞ്ഞ് സമരങ്ങള്‍മൂലം അധ്യായനം നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഒരു വിദ്യാര്‍ത്ഥി കേസ് കൊടുത്തപ്പോള്‍ പ്രിന്‍സിപ്പാള്‍ അതിനനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നല്ലതിന് വേണ്ടി സമരം ചെയ്ത് അവകാശം നേടിയെടുത്ത അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി രക്ഷിച്ച വിദ്യാര്‍ത്ഥി സമരത്തിന് എതിരായാണ് പ്രിന്‍സിപ്പാള്‍ നിലപാട് സ്വീകരിച്ചത്. ഇതെല്ലാമാണ് മാഗസിന്റെ ഉള്ളടക്കം ഇങ്ങനെയാകണം,ആ സമരം അടയാളപ്പെടുത്തണം എന്ന തോന്നലിലേക്ക് എത്തിച്ചത്. പക്ഷേ കോളജിലെ ഈ സമരം മാത്രമല്ല മാഗസിനില്‍ പ്രതിപാദിക്കുന്നത്. സമൂഹം ഇന്നഭിമുഖീകരിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളേയും അഡ്രസ് ചെയ്യാന്‍ ശ്രമിച്ചിട്ടിണ്ട്. ചെറുതും വലുതമായ എല്ലാ സമരങ്ങളോടും ഐക്യപ്പെടാന്‍ മാഗസിനില്‍ ശ്രമിച്ചിട്ടുണ്ട്, ആദില്‍ പറയുന്നു. 

മുന്‍ പ്രിന്‍സിപ്പാള്‍ ബിജു കുമാറാണ് വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ശേഷം വന്ന പ്രിന്‍സിപ്പാളും അരാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് സ്വീകരിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കലാലയത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ ഒരുവിധ പ്രവര്‍ത്തനങ്ങളും വേണ്ട എന്ന നിലപാടുള്ളയാളാണ് പുതിയ പ്രിന്‍സിപ്പാള്‍ എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതുകൊണ്ടാണ് ഇത്തവണ കോളജില്‍ തെരഞ്ഞെടുപ്പ് നടക്കാതെ പോയതെന്നും വിദ്യാര്‍തഥികള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ട ലോ കോളജ് പോലുള്ള ഇടങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്ന് പറയുന്നതിലെ അയുക്തി എത്രമാത്രം വലുതാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 

കോളജ് മാഗസിന്‍ ഇറക്കി കഴിഞ്ഞതിന് ശേഷമാണ് ഹൈക്കോടതി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടെന്നും സമരങ്ങള്‍ പാടില്ലെന്നുമുള്ള വിധി പുറപ്പെടുവിച്ചത്. എന്നിരുന്നാലും ഈ കോളജ് മാഗസിന്‍ കലാലയ സമരങ്ങള്‍ വേണ്ടെന്ന് പറയുന്നവര്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ കൃത്യമായ മറുപടിയാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും സമരങ്ങളില്ലാത്ത,അരാഷ്ട്രീയവത്കരിച്ച കലാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്‌
എക്കാലത്തും നാടിനാപത്താണെന്നും മാഗസിനിലൂടെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞുതരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്