കേരളം

തോമസ് ചാണ്ടിക്കെതിരായ കേസ് തോറ്റാല്‍ ഉത്തരവാദിത്തം എജിയ്ക്കും മുഖ്യമന്ത്രിയ്ക്കും; റവന്യൂ വകുപ്പ് എടുത്ത നടപടികള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഐ വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടക്കുന്ന കേസ് തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം അഡ്വക്കേറ്റ് ജനറലിനും മുഖ്യമന്ത്രിയ്ക്കുമെന്ന് സിപിഐ. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജനജാഗ്രത യാത്ര കഴിയുന്നതുവരെ ഇക്കാര്യത്തില്‍ സംയമനം പാലിക്കാനും സിപിഐ നേതാക്കള്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയില്‍ തീരുമാനിച്ചു. 

തോമസ് ചാണ്ടി വിഷയം മുന്നണി പ്രശ്‌നമല്ലെന്നാണ് സിപിഐ നേരത്തെ തന്നെ എടുത്ത നിലപാട്. അതിനാല്‍ വിഷയം ഭരണ തലത്തില്‍ കൈകാര്യം ചെയ്യാനായിരുന്നു തീരുമാനം. ഭരണതലത്തില്‍ റവന്യൂ വകുപ്പ് അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ്, റവന്യൂ കേസ് നേരത്തെ കൈകാര്യം ചെയ്ത് തഴക്കമുള്ള അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാനെ ചുമതലപ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് എജിയ്ക്ക് കത്തുനല്‍കിയത്. 

എന്നാല്‍ റവന്യൂവകുപ്പിന്റെ കത്തിന് എജി മറുപടി നല്‍കിയില്ല. റവന്യൂവകുപ്പ് ആരുടെയും തറവാട്ടുസ്വത്തല്ലെന്ന് എജി ചില മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച റവന്യൂമന്ത്രി, കടുത്തഭാഷയില്‍ മറുപടി പറയുകയും ചെയ്തിരുന്നു. കത്തിനെ അവഗണിക്കുന്ന എജിയുടെ നിലപാടില്‍ റവന്യൂ വകുപ്പിനും സിപിഐയ്ക്കും ശക്തമായ അമര്‍ഷവുമുണ്ട്. 

അതേസമയം ജനജാഗ്രതായാത്ര നടക്കുന്ന വേളയില്‍ വിഷയത്തില്‍ കടുത്ത പ്രതികരണങ്ങള്‍ വേണ്ടെന്നാണ് സിപിഐ നേതാക്കള്‍ക്കിടയിലുണ്ടായ ധാരണ. യാത്രയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കും. എന്തായാലും തോമസ് ചാണ്ടി വിഷയത്തില്‍ റവന്യൂ വകുപ്പ് എടുത്ത നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്