കേരളം

ക്ഷേത്രക്കുളം നിര്‍മ്മാണത്തിന്റെ മറവില്‍ വയല്‍ നികത്തി വന്‍തോതില്‍ കളിമണ്ണ് കടത്തി; കുളം നികത്തി വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കലക്ടറുടെ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വയല്‍ നികത്തി ക്ഷേത്രക്കുളം നിര്‍മ്മിച്ച് വന്‍തോതില്‍ കളിമണ്ണ് കടത്തിയ സംഭവത്തില്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ക്ഷേത്ര ഭാരവാഹികളോട് ജില്ലാ കലക്ടറുടെ ഉത്തരവ്. തൃശൂര്‍ ജില്ലാ കലക്ടര്‍ എ.കൗസിഗനാണ് ക്ഷേത്ര ഭാരവാഹികളോട് 30 ദിവസത്തിനുള്ളില്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.തൃക്കൂര്‍ പഞ്ചായത്ത് കല്ലൂര്‍ കണ്ണംകുറ്റി ആലുക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുളം നിര്‍മ്മിച്ചത്. 

ക്ഷേത്രക്കുളം നിര്‍മ്മാണത്തിന്റെ മറവില്‍ കളിമണ്ണ് അനധികൃതമായി ഓട്ടുകമ്പനികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പി.എന്‍ മുകുന്ദന്‍ ലോകായുക്തയ്ക്ക് മുന്നില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് പരിഗണിച്ചപ്പോള്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ കലക്ടര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. 

ക്ഷേത്ര ഭാരവാഹികള്‍ 30ദിവസത്തിനുള്ളില്‍ കുളം നികത്തിയില്ലെങ്കില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരെ വിവരമറിയിക്കണമെന്നും തഹസില്‍ദാര്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. 

തൃക്കൂര്‍, പുത്തൂര്‍, നെന്മണിക്കര പഞ്ചായത്തുകളില്‍ മണ്ണെടുപ്പ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ക്ഷേത്രം ഭരണസമിതിയുടെ അറിവോടെ നിലംനികത്തലും മണ്ണ് കടത്തും നടത്തിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ കൂടി വെളിച്ചത്തിലാണ് ഉത്തരവ്.തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ വില്ലേജ് ഓഫീസറെയും കളിമണ്ണ് കൊണ്ടുപോകാന്‍ പാസ് അനുവദിച്ച ജിയോളജിസ്റ്റിന്റെയും പേരില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം