കേരളം

ഉടമയെത്തുന്നത് ഫീസും തലവരിപ്പണവും വാങ്ങാൻ മാത്രം, പ്രിൻസിപ്പലിനെയും കാണാനില്ല ; കണ്ണൂർ മെഡിക്കൽ കോളേജ് നാഥനില്ലാക്കളരി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ എത്തുന്നത് എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശനവും അതിന്റെ ചര്‍ച്ചയും നടക്കുന്ന ഘട്ടങ്ങളില്‍ മാത്രമെന്ന് ആക്ഷേപം. പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസും തലവരിയും വാങ്ങിക്കഴിഞ്ഞാൽ പിന്നെ കോളേജിന്റെ ഉടമസ്ഥനായ ജബ്ബാര്‍ ഹാജിയെ കാണുക പ്രയാസമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങളായി ഉടമ കോളേജിലേക്ക് വന്നിട്ടേ ഇല്ലെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആക്ഷേപം.  

ഇത്തവണ പ്രവേശനം അനിശ്ചിതത്വത്തിലായ ഘട്ടത്തില്‍  ജബ്ബാര്‍ ഹാജി ഒന്നോ രണ്ടോ തവണ വിദ്യാര്‍ഥികളെ വിളിച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് പ്രശ്നം രൂക്ഷമായതോടെ, ഉടമയോ കോളേജിന്റെ കാര്യ കര്‍ത്താക്കളോ ആരെന്നോ, എവിടെയെന്നോ ആർക്കും അറിയാത്ത അവസ്ഥയാണ്.  ആന്ധ്ര സ്വദേശിയായ ഡോ. എസ്. മുനീറുദ്ദീന്‍ അഹമ്മദാണ് പ്രിന്‍സിപ്പല്‍. ഏതാനും ദിവസങ്ങളായി പ്രിന്‍സിപ്പലും സ്ഥലത്തില്ല. അദ്ദേഹം ആന്ധ്രയിലാണെന്നാണ് റിപ്പോർട്ട്.  പ്രിന്‍സിപ്പലിന്റെ ചുമതല ഔദ്യോഗികമായി നല്‍കിയിട്ടില്ലെങ്കിലും ഒരു വകുപ്പധ്യക്ഷനായ ഡോ. രമേശാണ് കോളേജുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. 

പ്രസ്റ്റീജ് എന്ന പേരിലുള്ള കുടുംബ ട്രസ്റ്റാണ് കോളേജിന്റെ ഉടമസ്ഥര്‍. കാസര്‍കോട് പൊയിനാച്ചിയില്‍ സെഞ്ചുറി ട്രസ്റ്റിന്റെ പേരില്‍ ഡെന്റല്‍ കോളേജ് നടത്തുന്നതും ജബ്ബാര്‍ ഹാജിയാണ്. 2012-വരെ രണ്ടോ മൂന്നോ വര്‍ഷം 50 ശതമാനം സീറ്റ് സര്‍ക്കാറിന് നല്‍കാന്‍ തയ്യാറായ ജബ്ബാര്‍ ഹാജി പിന്നീട് സീറ്റ് വിട്ടുനല്‍കിയില്ല. ഇതിനെതിരെ അന്നത്തെ സര്‍ക്കാർ നടപടി ഒന്നും എടുത്തിട്ടുമില്ല. 

കോളേജ് നില്‍ക്കുന്ന സ്ഥലം തോട്ടഭൂമിയാണെന്നും ആരോപണമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രൗണ്‍ സായിപ്പിന്റെ കറപ്പത്തോട്ടം നിലനിന്ന സ്ഥലമായിരുന്നു ഇത്. ചരിത്രസ്മാരകമായ പൈതൃകക്കെട്ടിടം പൊളിച്ചും തോട്ടം തരംമാറ്റിയും ഭൂപരിഷ്‌കരണനിയമം ലംഘിച്ചുമാണ് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെന്നാണ് പ്രധാന ആക്ഷേപം. ഇതുസംബന്ധിച്ച് വിജിലന്‍സ് കേസെടുത്തെങ്കിലും ഇതുവരെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്