കേരളം

വിമര്‍ശിച്ചയാളുടെ ജോലി കളയാന്‍ സംഘപരിവാര്‍; സോഷ്യല്‍മീഡിയ പ്രവര്‍ത്തകന് പിന്തുണയുമായി തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കത്തുവ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണത്തിന് വിധേയനായ എഴുത്തുകാരന്‍ ദീപക് ശങ്കരനാരായണന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസ്‌ക്ക്.  സംഘപരിവാറിന്റെ അക്രമത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളില്‍ പൊളിച്ചു കാണിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ദീപക്ക് ശങ്കരനാരായണനെന്ന് ഐസക്ക് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ദീപക്കിന്റെ വിമര്‍ശനം കേവലം ബി ജെ പി വിമര്‍ശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റന്റ് സംഘടന അതിന്റെ അംഗങ്ങള്‍ക്ക് സകലവിധമായ അതിക്രമങ്ങള്‍ക്കും നല്‍കുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു.ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവല്‍ക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാന്‍ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമര്‍ത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി സംഘികള്‍ പ്രചരിപ്പിക്കുന്നതായി അറിയുന്നു - ഐസക്ക് കുറിച്ചു.

ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാള്‍ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചെന്ന് അയാള്‍ക്കെതിരെ ദുഷ്പ്രചരണവും ഇവര്‍ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പില്‍ ദീപക് ചെയ്തത്. നിലവില്‍ ഇന്ത്യ നേരിടുന്ന വര്‍ഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്‌നങ്ങളില്‍ എത്തിച്ചേരാന്‍ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടര്‍മാര്‍ എന്ന അമൂര്‍ത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിര്‍ത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാന്‍ പറ്റാതെ ചിലര്‍ (അതോ മനഃപൂര്‍വം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാള്‍ക്കെതിരെ പ്രചരിപ്പിക്കുന്നു - ഐസക്ക് ആരോപിച്ചു.

അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴില്‍ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരുടെ ക്രിമനല്‍ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിര്‍ത്ത് തോല്‍പ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തില്‍ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു- ഐസക്ക് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്