കേരളം

പെണ്‍കുട്ടിയുടെ പീഡന വെളിപ്പെടുത്തല്‍: രജീഷ് പോളിനെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയിലില്‍ കിടക്കുന്ന ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പീഡിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നടപടി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

കണ്ണൂര്‍ പിലാത്തറ സ്വദേശി രജീഷ് പോള്‍ എന്നയാള്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആക്ടിവിസ്റ്റ് ദമ്പതികളുടെ മകള്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിപ്ലവഭാഷണങ്ങളിലൂടെ വശപ്പെടുത്തി ലൈംഗീകമായി ഉപയോഗിച്ചതായി പെണ്‍കുട്ടി പറയുന്നു. പതിനാറാം വയസില്‍ ലൈംഗികമായ അതിക്രമം നേരിട്ടതു സംബന്ധിച്ച് വിശദമായി വെളിപ്പെടുത്തുന്ന പെണ്‍കുട്ടി സമാനമായ പീഡനം നേരിട്ട മറ്റുമൂന്നു പേരെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ലൈംഗീകാതിക്രമം നടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പോസ്റ്റിലുണ്ട്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ രജീഷിനെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം എന്നിവരും രജീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോള്‍ പിന്തുണ നല്‍കുന്ന സംഘവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന പ്രചരണം തുടരുകയാണ്. ഇവരുടെ സാമ്പത്തിക വിവരങ്ങളും, മറ്റ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനവിവരം പെണ്‍കുട്ടികള്‍ സംഘത്തിലെ മറ്റുള്ളവരോട് പറഞ്ഞിട്ടും ആരും ഇത്രയുകാലം ഇവ പുറത്തു പറഞ്ഞിരുന്നില്ല. ഇവരും വിചാരണചെയ്യപ്പെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്