കേരളം

കണ്ണന്താനം പാര വയ്ക്കുന്നു ; കേരളത്തിലെ റോഡു വികസനം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിലെ റോഡു വികസനം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സമരരംഗത്തുള്ള വയല്‍ക്കിളികളുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കീഴാറ്റൂര്‍ ഹൈവേയിലെ ചര്‍ച്ച കേന്ദ്ര-സംസ്ഥാന ബന്ധം തകര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ച് കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടത് ഗുരുതര പിഴവാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫെഡറലിസത്തിന് എതിരാണ്. ഇത് കേന്ദ്ര സംസ്ഥാന ബന്ധത്തെ തകര്‍ക്കും. കേരളത്തിലെ റോഡു വികസനത്തിന് മലയാളിയായ ഒരു കേന്ദ്രമന്ത്രിയാണ് പാരയെന്ന്, അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ഒഴിവാക്കി ചര്‍ച്ച നടത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ അവഗണിച്ച് വികസന വിരോധികളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ലോക്‌സഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് ഇതെന്നും കോടിയേരി പറഞ്ഞു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ഗഡ്കരി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള വിവാദ ബൈപാസിന് ബദല്‍ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പുനല്‍കി. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരം. ഇതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതിന് സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്.സമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്തും. ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് വയല്‍ക്കിളി പ്രതിനിധികള്‍ പറഞ്ഞു. അലൈന്‍മെന്റ് മാറ്റുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ