കേരളം

ചെറുതോണി പാലത്തിനു മുകളില്‍ വരെ വെള്ളമെത്തി, മരങ്ങളെയും ചെറുപാലങ്ങളെയും തകര്‍ത്ത് രൗദ്രഭാവത്തില്‍ പെരിയാര്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ പെരിയാറിലെ ജലനിരപ്പ് കുതിച്ചുയരുന്നു. പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുമെന്നും ജാ്ഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

രാവിലെ പതിനൊന്നരയോടെയാണ് ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയത്. ഇതോടെ രാവിലെ മുതല്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ മൂന്നിരട്ടിയാണ് പുറത്തേക്കൊഴുകുന്നത്. ചെറുതോണി പട്ടണത്തിലെ പാലത്തിനു മുകളില്‍ വരെ വെള്ളമെത്തി. താഴോട്ട് കൂടുതല്‍ രൗദ്രഭാവത്തിലാണ് പെരിയാറിന്റെ ഒഴുക്ക്. ചെറുപാലങ്ങളെയും ചപ്പാത്തുകളെയും മരങ്ങളെയും തകര്‍ത്തുകൊണ്ടാണ് പുഴ ഒഴുകുന്നത്. 

ജലമൊഴുക്ക് മൂന്നിരട്ടി വര്‍ധിച്ചതോടെ ആലുവ പട്ടണത്തിന്റെ സമീപ പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ആലുവ, കളമശ്ശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുമെന്നാണ് ആശങ്ക. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് ജില്ലാ ഭരണകൂടം.

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലമാണ് ഇടുക്കി ഡാമില്‍നിന്ന് ഒഴുക്കിവിടുന്നത്. നേരത്തെ മൂന്ന് ഷട്ടറുകളും 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ഇതുവഴി സെക്കന്‍ഡില്‍ 1,25 ലക്ഷം ലിറ്റര്‍ ജലമാണ് ഒഴുക്കി കളയുന്നത്. അതേസമയം 4,19,000 ലക്ഷം ജലമാണ് നീരൊഴുക്കിലൂടെ ഇടുക്കി ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി ചെറുതോണിയിലെ താഴ്ന്ന പ്രദേശങ്ങില്‍ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ ഡാമിന്റെ കൈവഴികള്‍ക്ക് അരികിലുള്ളതും, പെരിയാറിന്റെ തീരത്തുമുള്ള 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഷട്ടര്‍ 90 സെന്റി മീറ്ററാക്കി ഉയര്‍ത്തിയാല്‍ 200 മീറ്റര്‍ ദൂരപരിധിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ