കേരളം

രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയ ജോബി ജോയ് നല്ലപിളള ചമയുന്നു; ഇനിയും അവകാശവാദവുമായി വന്നാല്‍ നിയമനടപടിയെന്നു സേന 

സമകാലിക മലയാളം ഡെസ്ക്

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ചെങ്ങന്നൂര്‍കാരന്‍ ജോബി ജോയ് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ജോബി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോബിയുടെ ഹെലികോപ്റ്റര്‍ യാത്ര കാരണം ഒരു ലക്ഷം രൂപയുടെ നഷ്ടം നേരിട്ട സൈന്യം നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. ഇനിയും ചെയ്ത തെറ്റ് മൂടി വെയ്ക്കാന്‍ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയാല്‍ നിയമനടപടി സ്വീകരിക്കാനാണ് വ്യോമസേന ഒരുങ്ങുന്നത്. 

സമൂഹമാധ്യങ്ങളില്‍ തന്റെ ഫോട്ടോ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ് തനിക്കെന്നും പറഞ്ഞാണ് വിശദീകരണവുമായി ജോബി രംഗത്തെത്തിയത്. സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം താങ്ങാനാവുന്നില്ലെന്നും ജോബി പറയുന്നുണ്ട്. പല ദൃശ്യ മാധ്യമങ്ങളിലുടെയും ജോബി വിശദീകരണം നല്‍കുന്നുണ്ട്. വഴികാണിക്കാന്‍ തന്നെ ക്ഷണിച്ചതാണെന്ന് കരുതിയാണ് താന്‍ ഹെലികോപ്റ്ററില്‍ കയറിയതെന്നും ജോബി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. 

എന്നാല്‍ ജോബിക്കെതിരെ സൈന്യം രംഗത്തെത്തി. അവിടെ നടന്ന സംഭവം പ്രതിരോധ വകുപ്പിന്റെ വക്താവ് ധന്യാ സനല്‍ ഫെയ്‌സ്ബുക്കിലുടെ വിശദീകരിക്കുന്നുണ്ട്.

ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററാണ് ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ സൈന്യത്തോടപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയില്‍ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും.

'കൂടെ പോരുന്നോ ' എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. 'പോരുന്നു' എന്ന് ആംഗ്യഭാഷയില്‍ മറുപടി കിട്ടിയാല്‍ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററില്‍ കയറ്റുകയുള്ളൂ. എന്നാല്‍ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയിക്ക് മാത്രം ' ഭക്ഷണം വേണോ ' ,' കൂടെ പോരുന്നോ ' എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ലേ?. ധന്യാ സനല്‍ ചോദിക്കുന്നു.

എന്നാല്‍ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയാല്‍ വ്യോമസേനയുടെ കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്‌തേക്കാം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്തു കൊന്ന യുവാവ് മരിച്ച നിലയിൽ

'എന്റെ കരിയറിനെ മോശമായി ബാധിക്കും'; വഴക്ക് സിനിമയുടെ റിലീസ് ടൊവിനോ മുടക്കി: ആരോപണം

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്, ആശങ്ക

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ