കേരളം

മനശാസ്ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ മനശാസ്ത്രഞ്ജനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ. കെ എസ് ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന്  ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മരണസമയത്ത് മകള്‍ ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍.

കുന്നംകുളം സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറില്‍ കോലാടി ഹൗസിലായിരുന്നു താമസം. 1947 നവംബര്‍ 20ന് കുന്നംകുളത്ത് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് മാനസികാരോഗ്യ വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടി. മദ്രാസ് ലൊയോള കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദീര്‍ഘകാലം എറണാകുളം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്ടറായിരുന്നു. 10 വര്‍ഷം എറണാകുളം സിറ്റി ആശുപത്രിയില്‍ സൈക്കോ തെറാപ്പിസ്റ്റായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇടതുപക്ഷ സഹചാരിയായിരുന്ന അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ധീരമായി പ്രതികരിച്ചിരുന്നു. എറണാകുളത്തെ സിപിഎമ്മിന്റെ പരിപാടികളിലും സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സിപി എം സ്വതന്ത്രനായി കൊച്ചി കോര്‍പറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ ഉഷ സൂസന്‍ ഡേവിഡ്. മക്കള്‍: നിര്‍മല്‍ ഡേവിഡ്, സ്വപ്‌ന ഡേവിഡ്. മരുമകന്‍: ഡോ. വിഷ്ണു പ്രബീര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ