കേരളം

ശബരിമല സമരത്തിന്റെ ആണിക്കല്ല് പന്തളം കൊട്ടാരവും എന്‍എസ്എസും തന്ത്രികുടുംബവും; വിശ്വാസി സമൂഹത്തിന് മുന്നില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കെ. സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല സമരത്തിന്റെ ആണിക്കല്ല് പന്തളം കൊട്ടാരവും തന്ത്രികുടുംബവും എന്‍എസ്എസുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.സുരേന്ദ്രന്‍. സമരത്തില്‍ ബിജപിയും ആര്‍എസ്എസും എടുത്തതിനെക്കാള്‍ ശക്തമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല കലാപക്കേസുകളില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു സുരേന്ദ്രന്‍. 

വനിതാ മതില്‍ എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമലയില യുവതി പ്രവേശനത്തിന് സര്‍ക്കാര്‍ അനുകൂലമാണോ പ്രതികൂലമാണോയെന്ന്  പിണറായി വ്യക്തമാക്കണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ബോധവത്കരണമാണോ വനിതാ മതിലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഏതെല്ലാം എതിര്‍പ്പുണ്ടായാലും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കും എന്നാണ് പിണറായി വിജയന്‍ പതിനാല് ജില്ലകളിലും യോഗങ്ങളില്‍ പറഞ്ഞത്. മുഖ്യമന്ത്രി നിലപാട് മാറ്റിയോ? നവോത്ഥാന മുല്യങ്ങള്‍ ആകെ വീണ്ടെടുക്കാനാണെങ്കില്‍ വനിതകളുടെ മാത്രം മതില്‍ മതിയോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ യുവതീ പ്രവേശനത്തിന് അനുകൂലമാണെന്നും അല്ലെന്നും പറയുന്നതിന്റെ കാരണമെന്താണ്. കോടിക്കണക്കിന് വിശ്വാസികള്‍ വരുന്ന തീര്‍ത്ഥാടന കേന്ദ്രത്തെ അലങ്കോലപ്പെടുത്തിയത് പിണറായി വിജയന്റെ നിലപാട് കാരണമാണ്. കേരളത്തിന്റെ വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിന് മുന്നില്‍ യുവതി പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് സമ്മതിക്കണം. ഗവണ്‍മെന്റ് പരാജപ്പെട്ടിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

യുവതീപ്രവേശനത്തിന് മന്ത്രിമാര്‍ പലരും എതിരായിരുന്നു. പാര്‍ട്ടിക്കകത്തും എതിര്‍പ്പുണ്ട്. പിന്നെന്തിനാണ് പിണറായി ധിക്കാരപരമായ നിലപാടെടുത്തത്. ശബരിമല തകര്‍ക്കാനുള്ള ലക്ഷ്യമായിരുന്നോ? സിപിഎമ്മും സര്‍ക്കാരും പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് അറിയാന്‍ വിശ്വാസികള്‍ക്ക് താത്പര്യമുണ്ട്. -സുരേന്ദ്രന്‍ ചോദിച്ചു. 

വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചത് സമാധാമുണ്ടാക്കാനാണ് എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ വത്സന്‍ തില്ലങ്കേരി ഇപ്പോള്‍ തന്റെ കൂട്ടുപ്രതിയാണ്. തനിക്കൊരു ചായ വാങ്ങി തന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും ടിപി പ്രതികള്‍ക്ക് കൂട്ടുനിന്നവരാണ് സര്‍ക്കാരെന്ന് മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

നാല് ബലാത്സംഗക്കേസും രണ്ടു കൊലപാതക കേസും കൂടി തന്റെ പേരില്‍ ചാര്‍ത്താമായിരുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. 
ഇരുമുടിക്കെട്ട് താന്‍ താഴെയിട്ടതാണെന്നത് സിപിഎം നടത്തുന്ന പ്രചാരണമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇരുമുടിക്കെട്ട് രണ്ടുതവണ താഴെവീണത് പൊലീസിന്റെ ബലപ്രയോഗത്തിലാണ്. അല്ലാതെ ഇരുമുടിക്കെട്ട് സ്വയം താഴെവീഴില്ലല്ലോ,ഏതെങ്കിലും ഒരു അയ്യപ്പ ഭക്തന്‍ നെയ്‌ത്തേങ്ങ നിറച്ച ഇരുമുടിക്കെട്ട് താഴെയിടുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

ബിജെപിയില്‍ ഭിന്നതിയില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍, അറസറ്റുമായി ബന്ധപ്പെട്ട് ബഹുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രതിഷേധം വേണ്ടെന്ന്  പറഞ്ഞത് താന്‍തന്നെയാണെന്നും പറഞ്ഞു. ബിജെപിയല്ലാതെ തന്നെ വേറെയാരാണ് പിന്തുണച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തില്ല. പ്രശ്‌നമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് മറച്ചുവച്ചു. 
പ്രകോപനങ്ങള്‍ക്ക് പിന്നില്‍ തൃശൂരില്‍ നിന്നുളള ഡിവൈഎഫ്‌ഐ സംഘമാണ്. നിങ്ങള്‍ കാത്തിരുന്നുകൊള്ളുക, എല്ലാ രഹസ്യവും ചുരുളഴിയും-സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി