കേരളം

'ഇങ്ങിനെ പറയാന്‍ ധൈര്യമുള്ള എത്ര മൂത്തലീഗ് നേതാക്കളുണ്ടിവിടെ';വിജിലന്‍സ് പരാതിയില്‍ ഒപ്പിടാന്‍ മറന്നവരാണ് ചര്‍വിതചര്‍വണം നടത്തുന്നതെന്ന് കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത്‌  ബന്ധുനിയമന വിവാദം ഇത്രയും കൊഴുപ്പിച്ചത് തന്റെ പഴയ സഹപ്രവര്‍ത്തകരാണെന്ന് കെടി ജലീല്‍. ബോഫേഴ്‌സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷന്‍ നിയമനം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൊണ്ടാടിയത്.  അതിന് എരുവും പുളിയും നല്‍കാന്‍ മററു ചിലരും ഒത്തു ചേര്‍ന്നപ്പോള്‍ 'ഏഴു വന്‍ദോഷങ്ങളില്‍' പെട്ട കുറ്റം തന്നെയെന്ന് പാവം ലീഗണികളും ധരിച്ചു. ഞാന്‍ കരുതിയത് ലീഗിന്റെ 'സിങ്ക'ക്കുട്ടികളില്‍ ആരെങ്കിലുമാകും ആറ്റു നോറ്റു കിട്ടിയ 'നിധി' സഭയില്‍ അവതരിപ്പിക്കുക എന്നാണ്. അവസാനം ശൂന്യമായ ആ ഭാണ്ഡം സമര്‍ത്ഥമായി മുരളീധരന്റെ തോളിലിട്ട് മാറി നിന്ന് ലീഗ് അംഗങ്ങള്‍ ഊറിച്ചിരിക്കുന്ന കാഴ്ച രസകരമായിരുന്നെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അങ്ങനെ മല എലിയെ പ്രസവിച്ചു. എന്തൊക്കെയായിരുന്നു പുകില്‍. ബോഫേഴ്‌സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷന്‍ നിയമനം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൊണ്ടാടിയത്. അതിന് എരുവും പുളിയും നല്‍കാന്‍ മററു ചിലരും ഒത്തു ചേര്‍ന്നപ്പോള്‍ 'ഏഴു വന്‍ദോഷങ്ങളില്‍' പെട്ട കുറ്റം തന്നെയെന്ന് പാവം ലീഗണികളും ധരിച്ചു. ഞാന്‍ കരുതിയത് ലീഗിന്റെ 'സിങ്ക'ക്കുട്ടികളില്‍ ആരെങ്കിലുമാകും ആറ്റു നോറ്റു കിട്ടിയ 'നിധി' സഭയില്‍ അവതരിപ്പിക്കുക എന്നാണ്. അവസാനം ശൂന്യമായ ആ ഭാണ്ഡം സമര്‍ത്ഥമായി മുരളീധരന്റെ തോളിലിട്ട് മാറി നിന്ന് ലീഗ് അംഗങ്ങള്‍ ഊറിച്ചിരിക്കുന്ന കാഴ്ച രസകരമായിരുന്നു. ഇങ്ങിനെയെങ്കില്‍ വിഷയം നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ്സിനെ ഏല്‍പിച്ചു തടിതപ്പാമായിരുന്നില്ലേ എന്ന് ലീഗ് ബെഞ്ചില്‍ ആരോ അടക്കം പറയുന്നതും കേട്ടു. 

സഭയില്‍ ലീഗിന്റെ വില്ലാളി വീരന്‍മാര്‍ പ്രശ്‌നം ഉയര്‍ത്തിയാല്‍ മലപ്പുറത്ത് ''കൊടുത്ത'തിന്റെ ബാക്കി തിരുവനന്തപുരത്ത് കൊടുക്കാമെന്ന് കരുതി സൂക്ഷിച്ചുവെച്ചത് മിച്ചം.

കറുത്ത തുണിക്കഷ്ണങ്ങള്‍ വീശിയോ ബഹിഷ്‌കരണം നടത്തിയോ ഒരാളെയും തോല്‍പിക്കാനാവില്ല. 2006ല്‍ ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ യൂത്ത്‌ലീഗുകാരുടെ മുത്തപ്പനെ മുട്ടുകുത്തിച്ചതിന് ശേഷം എല്ലാ UDF തദ്ദേശ സ്ഥാപനങ്ങളും സ്ഥലം MLA എന്ന നിലയില്‍ എന്നെ അഞ്ചു വര്‍ഷവും ബഹിഷ്‌കരിച്ചു. ആ ബഹിഷ്‌കരണ കാലമായിരുന്നു കുറ്റിപ്പുറത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും സുവര്‍ണ്ണകാലം. സംരക്ഷകരായി പോലീസും പട്ടാളവുമൊക്കെ മന്ത്രി എന്ന നിലയില്‍ ഇപ്പോഴല്ലെ? അതൊന്നും ഇല്ലാതിരുന്ന കാലത്തും തല ഉയര്‍ത്തിപ്പിടിച്ച് നെഞ്ചും വിരിച്ച് സധൈര്യം നടന്നും വാഹനത്തിലുമൊക്കെ മലപ്പുറത്തിന്റെ ഹൃദയഭൂമിയിലൂടെ പോയിട്ടുണ്ട് ഈയുള്ളവന്‍. കൊമ്പും വമ്പും കാട്ടി അന്ന് പേടിപ്പിക്കാന്‍ നോക്കിയിട്ട് പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍. കേവലം ഒരു വര്‍ഷത്തേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തെരുവില്‍ നാക്കിട്ടടിക്കുകയല്ല വേണ്ടത്. വെളിപ്പെട്ടതും വെളിപ്പെടാനിരിക്കുന്നതുമായ തെളിവുകളുടെ കെട്ടുമായി പത്രസമ്മേളനം നടത്തി ചര്‍വിതചര്‍വണം നടത്താതെ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. വിജിലന്‍സില്‍ പരാതി കൊടുത്തപ്പോള്‍ ഒപ്പ് പോലും ഇടാന്‍ 'മറന്നു' പോയവര്‍ക്കറിയാം ഇമ്മിണി വലിയ കേസിന്റെ ഗതിയെന്താകുമെന്ന്.

എന്നെ കള്ളനെന്നും അഴിമതിക്കാരനെന്നും വിളിച്ച് അധിക്ഷേപിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ : ഈ ഭൂമി ലോകത്ത് ജീവിച്ചിരിക്കുന്ന ഏതെങ്കിലുമൊരാളുടെ കയ്യില്‍ നിന്ന് പത്തു പൈസ ഞാന്‍ കൈക്കൂലി വാങ്ങിയെന്നോ, സ്വന്തം നേതൃത്വം നല്‍കി നടത്തുന്ന കച്ചവട സംരഭത്തിലേക്ക് ആരുടെ കയ്യില്‍ നിന്നെങ്കിലും ഷെയര്‍ പിരിച്ചെന്നോ, റിയലെസ്‌റ്റേറ്റ് ബിസിനസില്‍ ഇടനിലക്കാരനായി നിന്ന് ആരില്‍ നിന്നെങ്കിലും പണം തട്ടിയെന്നോ, ഏതെങ്കിലും സ്ഥാപനങ്ങളുടെ ഔദാര്യം സ്വന്തം ആവശ്യത്തിന് പറ്റിയെന്നോ, കൂട്ടു ബിസിനസില്‍ സഹപ്രവര്‍ത്തകരായ പങ്കാളികളെ പറ്റിച്ചെന്നോ, ആരുടെ കയ്യില്‍ നിന്നെങ്കിലും കടമായിട്ടെങ്കിലും വാങ്ങിയ വകയില്‍ പത്ത് പൈസ തിരിച്ചു നല്‍കാനുണ്ടെന്നോ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിക്കുന്ന ഒരാള്‍ ഈ പോസ്റ്റിനടിയില്‍ സത്യസന്ധമായി കമന്റിട്ട് തെളിവുകളുമായോ സാക്ഷികളുമായോ സമീപിച്ചാല്‍ അവര്‍ക്കത് പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നല്‍കുമെന്ന് മാത്രമല്ല പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഉറക്കെ ഉല്‍ഘോഷിക്കാന്‍ എനിക്കശേഷം മടിയില്ല. ഇങ്ങിനെ പറയാന്‍ ധൈര്യമുള്ള എത്ര മൂത്തലീഗ് നേതാക്കളുണ്ടിവിടെ? യൂത്ത് ലീഗിന്റെ എത്ര ചെങ്കൂറ്റമുള്ള വെല്ലുവിളി വീരന്‍മാരുണ്ടിവിടെ? 'ക്ഷമിക്കുക, നിശ്ചയമായും ക്ഷമാശീലരുടെ കൂടെയാണ് ദൈവം' (വിശുദ്ധ ഖുര്‍ആന്‍).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്