കേരളം

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; 980 സര്‍വീസുകള്‍ മുടങ്ങി ; പ്രായോഗിക ബുദ്ധിമുട്ട് കോടതി പരിഗണിക്കണമായിരുന്നുവെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്, പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. രാവിലെ 10 മണിവരെ 980 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 367 ഉം എറണാകുളത്ത് 403 സര്‍വീസുകളുമാണ് മുടങ്ങിയത്. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു എറണാകുളത്ത് 40 ശതമാനത്തോളം സര്‍വീസുകള്‍ നിര്‍ത്തി. രാവിലെ എട്ടുമണി വരെ സംസ്ഥാനത്ത് 313 സര്‍വീസുകളാണ് മുടങ്ങിയത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും. 

ഇന്നലെ ഡ്യൂട്ടിയില്‍ കയറി തിരിച്ചുപോയവര്‍ തിരിച്ചെത്തി പകരം ഡ്യൂട്ടിക്ക് ആളെ അയക്കാന്‍ അവൈലബിള്‍ അല്ലെങ്കില്‍ ഇനിയും സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥയാണ്. താല്‍ക്കാലികക്കാരെ പിരിച്ചുവിടുമ്പോള്‍ പുതുതായി പിഎസ്‌സിയില്‍ നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. അത് ശരിയായ നിലപാട് തന്നെയാണ്. പക്ഷെ അവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ അയച്ച്, അവര്‍ കൈപ്പറ്റി ജോലിയില്‍ പ്രവേശിക്കുകയും കണ്ടക്ടര്‍ ലൈസന്‍സ് എടുക്കുകയും വേണം. കോടതി ഉത്തരവ് അക്ഷരംപ്രതി നടപ്പിലാക്കണമെങ്കില്‍ തന്നെ ഒരു മാസത്തെ സാവകാശം വേണം.

ആ ഒരു പ്രായോഗിക ബുദ്ധിമുട്ട് കൂടി കോടതി പരിഗണിച്ചിരുന്നെങ്കില്‍ സര്‍വീസ് മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി പോകുമായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുതുടങ്ങിയതായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.  സ്ഥിരം ജോലിക്കാരുടെ ജോലി സമയം കൂട്ടും. അധിക ജോലിക്ക് അധിക ശമ്പളം നല്‍കുമെന്നും തച്ചങ്കരി അറിയിച്ചു. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരായി നിയമിക്കുമെന്നും എംഡി അറിയിച്ചു. 

ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍ വടക്കന്‍ കേരളത്തിലും  സര്‍വീസുകള്‍ മുടങ്ങും. രാവിലെ തുടങ്ങേണ്ട സര്‍വീസുകളില്‍ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതര്‍ അറിയിച്ചു. 

മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കെഎസ്ആര്‍ടിസി, എംഡിയാകും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഇന്ന് വാദം കേട്ടേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു