കേരളം

ബിനോയി കോടിയേരി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നീക്കം : മുഖ്യമന്ത്രി പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിനോയി കോടിയേരിക്കെതിരായ കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സഭയിലുള്ള രണ്ടംഗങ്ങളുടെ മക്കള്‍ സാമ്പത്തിക തട്ടിപ്പിന് അന്വേഷണം നേരിടുകയാണ്. ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്, ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നടക്കുകയാണ്. ഇതോടൊപ്പം മറ്റ് ഉന്നത നേതാക്കളുടെ മക്കളും സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ചൂണ്ടിക്കാട്ടി. 

കോടിയേരിയുടെയും മക്കളുടെയും തട്ടിപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു. ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ദുബായില്‍ യാത്രാവിലക്കും കേരളത്തില്‍ മാധ്യമവിലക്കുമാണ്. ബിനീഷിനെതിരെ മൂന്ന് കേസുകളുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു. ആരോപണം ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം ബഹളം വെയ്ക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. 

എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ആരോപണ വിധേയര്‍ മറുപടി നല്‍കിക്കഴിഞ്ഞതാണ്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാനാവില്ല. ബിനോയിക്കെതിരെ വിദേശത്ത് കേസുണ്ടെന്നത് ശരിയാണ്. വിദേശ രാജ്യത്തെ കേസില്‍ സംസ്ഥാന നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാവില്ല. ഇടപാടില്‍ സിപിഎമ്മിനോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കോ പങ്കില്ല. സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഗൂഡോദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാങ്ക് തട്ടിപ്പ് നടത്തി ആളാണ് സാമ്പത്തിക ആരോപണം ഉന്നയിച്ച് രംഗത്തുവരുന്നതെന്ന്, അനില്‍ അക്കരയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ചന്തയില്‍ പറയുന്നതുപോലെ സഭയില്‍ സംസാരിക്കരുത്. ലോക കേരള സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമം. ചില കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ വിവാദമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസ് പിന്‍വലിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നോട്ടീസില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതായി സ്പീക്കര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്