കേരളം

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് : വൈകിയെത്തിയ ജീവനക്കാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ വൈകിയെത്തിയ ജീവനക്കാര്‍ക്ക് പൊതുഭരണ വകുപ്പ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കുലര്‍ അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ പഞ്ചിംഗ് സമയത്തെക്കുറിച്ചുള്ള പ്രാഥമിക പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. 

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൃത്യനിഷ്ഠയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, ജോലി ചെയ്യാതെ കറങ്ങിനടക്കുന്ന പ്രവണത തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നടപ്പിലാക്കിയത്. സെക്രട്ടേറിയറ്റില്‍ കഴിഞ്ഞമാസം വൈകിയെത്തിയ മൂവായിരത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെബ്‌സൈറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരു വരെ ഉള്ളതായാണ് റിപ്പോര്‍ട്ട്. 

ഓഫിസ് സമയമായ 10.15നു ശേഷം എത്തിയവര്‍ കാരണം കാണിക്കണമെന്നും മതിയായ കാരണം ബോധ്യപ്പെടുത്താത്തവര്‍ക്ക് അര ദിവസത്തെ കാഷ്വല്‍ അവധി രേഖപ്പെടുത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി മൂന്നിനാണു നോട്ടീസ് തയാറാക്കിയത്. ഉദ്യോഗസ്ഥന്റെ പേര്, കോഡ്, തസ്തിക, വൈകിയെത്തിയ തീയതി, പഞ്ച് ചെയ്ത സമയം എന്നിങ്ങനെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് തയാറാക്കിയ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജനുവരി ഒന്ന്, 23, 28 തീയതികളില്‍ വൈകിയെത്തിയതായും പട്ടികയിലുണ്ട്. അതേസമയം ഒരു മാസം ഇത്രദിവസം ഇളവുലഭിക്കുമെന്ന നിബന്ധന നോട്ടീസ് തയ്യാറാക്കിയപ്പോള്‍ പരിശോധിച്ചില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്