കേരളം

ആള്‍ക്കൂട്ടക്കൊല: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, അന്വേഷണത്തിന് പ്രത്യേക സംഘം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു ആണ് മരിച്ചത്. ആള്‍ക്കൂട്ട വിചാരണയില്‍ പൊലീസ് നോക്കുകുത്തിയായി നിന്നത് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.

അതേസമയം ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 


കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 

അതേസമയം മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. മകന്‍ മോഷണം നടത്തില്ലെന്നും മധുവിന്റെ അമ്മ ഉറപ്പിച്ചുപറഞ്ഞു. അട്ടപ്പാടിയില്‍മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണം, മോഷണ കുറ്റം ആരോപിച്ചുള്ള നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവിന്റെ അമ്മ അല്ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിച്ചപ്പോള്‍ അവന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് അല്ലി പറയുന്നു.അവന് മാനസീക പ്രശ്‌നം ഉണ്ടായിരുന്നു. മോഷണം നടത്തിയെന്ന് പറയുന്നത് കള്ളമാണ്.

മകനെ കൊന്നവരെ ശിക്ഷിക്കണം, അതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മധുവിന്റെ സഹോദരി സരസുവും പറയുന്നു. ആഴ്ചകളായി ഈ പ്രദേശത്തെ കടകളില്‍ നിന്നും അരിയും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്നത് മധുവാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം.

രണ്ട് കയ്യും കെട്ടി നാട്ടുകാര്‍ മധുവിനെ കൈകാര്യം ചെയ്യുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നുണ്ട്.ഈ ദൃശ്യങ്ങള്‍ മധുവിനെ മര്‍ദ്ദിച്ച നാട്ടുകാരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളെജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയായിരുന്നു മധു. മധുവിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ ഇയാള്‍ ചര്‍ദ്ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്